റിയാദ്: രണ്ടാഴ്ച മുമ്പ് റിയാദിൽ മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കഴിയില്ലെന്ന് കുടുംബം. ഓൾഡ് സനാഇയ്യയിൽ പാകിസ്താൻ പൗരെൻറ വർക്ക് ഷോപ്പിൽ ജീവനക്കാരനായിരുന്ന ആലപ്പുഴ മാവേലിക്കര സ്വദേശി സോമൻ തങ്കപ്പൻ (61) മാർച്ച് ഒന്നിനാണ് ഹൃദയാഘാതം മൂലം മരിച്ചത്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിക്കാൻ അഫിഡവിറ്റ് ആവശ്യപ്പെട്ടപ്പോഴാണ് വീട്ടുകാർ വിസമ്മതിച്ചത്.
എന്നാൽ നവോദയ പ്രവർത്തകരുടെ നിരന്തര സമ്മർദത്തെ തുടർന്ന് നാട്ടിലേക്കയച്ചാൽ മൃതദേഹം ഏറ്റുവാങ്ങാമെന്ന് ബന്ധുക്കൾ സമ്മതം അറിയിച്ചെങ്കിലും ഇതുവരെ രേഖകളൊന്നും റിയാദിലേക്ക് അയച്ചിട്ടില്ല. ഇതുമൂലം വിഷയത്തിലിടപെട്ട സാമൂഹിക പ്രവർത്തകർ പ്രശ്നത്തിലായി. ജോലിസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ സുഹൃത്തുക്കളായ പാകിസ്താനികൾ ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകാനായില്ല.
ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഇഖാമ ഉൾപ്പെടെയുള്ള രേഖകെളാന്നും ഇല്ലാത്തതിനാൽ ചികിത്സ ലഭിക്കുന്നതിന് തടസമുണ്ടായതായി സഹപ്രവർത്തകർ പറഞ്ഞു. പിന്നീട് മരണവും സംഭവിച്ചു. മരണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും രേഖകളൊന്നും ഇല്ലാത്തതിനാൽ മൃതദേഹം കൊണ്ടുപോകാൻ ആദ്യം തയാറായില്ല. പിന്നീട് രാത്രിയിൽ ഉയർന്ന ഉദ്യോഗസ്ഥർ വന്നതിനുശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഗുജറാത്തികളുടേയും പാകിസ്താനികളുടേയും സൗഹൃദവലയത്തിലുള്ള സോമൻ പല വർക്ക്ഷോപ്പുകളിൽ മാറി മാറി ജോലി ചെയ്തുവരികയായിരുന്നു. ഇഖാമയില്ലാത്ത സോമൻ ജവാസത്തിൽ വിരലടയാളവും നൽകിയിട്ടില്ല. സ്പോൺസറെ ആരാണെന്നും അറിയില്ല.
അജ്ഞാതനായ ഒരു മലയാളിയുടെ മൃതദേഹം ശുമേസി ആശുപത്രിയിലുണ്ടെന്ന വിവരമറിഞ്ഞാണ് നവോദയ ജീവകാരുണ്യ പ്രവർത്തകർ അന്വേഷിച്ചെത്തിയത്. 25 വർഷമായി സൗദിയിൽ കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാളുടെ നാട്ടിലെ കുടുംബത്തെ കണ്ടെത്താനും ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്ന രേഖകൾ എത്തിക്കുന്നതിനും നവോദയ പ്രവർത്തകർ നാട്ടിലും സൗദിയിലും വ്യാപക അന്വേഷണം നടത്തി. മവേലിക്കര സ്വദേശിയാണെന്നും അവിടെ ചായക്കട നടത്തുന്ന ഗോപാലൻ എന്നൊരു സുഹൃത്തിനെകുറിച്ച് ഇയാൾ പറയാറുണ്ടായിരുന്നെന്നും മാത്രമായിരുന്നു ആകെ ലഭിച്ച വിവരം. ഈ പേരുകളുടെ സൂചനയുമായി മാവേലിക്കരയിലേയും പരിസരങ്ങളിലേയും നഗരസഭ, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ദിവസങ്ങൾ നീണ്ട അന്വേഷണത്തെ തുടർന്ന് ഗോപാലനെ കണ്ടെത്തി. അതോടെയാണ് സോമനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന് മുമ്പേ മുംബൈയിലേക്ക് പോയ സോമെൻറ കുടുംബം മുംബൈയിലാണെന്ന വിവരവും അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ലഭിച്ചു. അഛനും അമ്മയും വർഷങ്ങൾക്ക് മുമ്പേ മരിച്ചു.
സോമെൻറ ഭാര്യ പൊന്നമ്മയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് 20 വർഷത്തിലേറെയായി തങ്ങളുമായി ഇയാൾക്ക് ഒരു ബന്ധവുമില്ലായിരുന്നെന്ന് മനസിലായത്. അങ്ങനെയൊരാളുടെ മൃതദേഹം ഇനി കാണേണ്ടതില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും ഭാര്യയും പെൺമക്കളും അറിയിച്ചു. നവോദയ പ്രവർത്തകരായ ബാബു വടകര, സുരേഷ് സോമൻ, ലത്തീഫ് കല്ലമ്പലം, ബാബുജി എന്നിവരാണ് നാട്ടിലും റിയാദിലുമായി അന്വേഷണത്തിന് നേതൃത്വം നൽകിയത്. 1995 ൽ നാട്ടിൽ പോയി വന്നതിന് ശേഷം 22 വർഷമായി കുടുംബാംഗങ്ങളുമായി സോമന് ബന്ധമില്ല. ഗൾഫിൽ വരുന്നതിന് മുമ്പ് മുംബൈയിൽ ജോലി ചെയ്തിരുന്ന കാലയളവിൽ അവിടെ വെച്ച് പരിചയപ്പെട്ട പൊന്നമ്മയെ വിവാഹം ചെയ്യുകയായിരുന്നു. രണ്ട് പെൺമക്കളും ഒരാൺകുട്ടിയുമാണ് സോമനുണ്ടായിരുന്നത്. മകൻ 1995 ൽ മരണപ്പെട്ടതിനുശേഷമാണ് തങ്ങളുമായുള്ള ബന്ധം തങ്കപ്പൻ ഉപേക്ഷിച്ചതെന്ന് കുടുംബം പറയുന്നു. 1996 ൽ സോമൻ തങ്കപ്പനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസിക്ക് കുടുംബം പരാതി നൽകിയിരുന്നെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. സോമെൻ്റ പഴയ ഒരു ഫോട്ടോയും പാസ്പോർട്ടിെൻ്റ കോപ്പിയും എംബസിക്ക് അയച്ച പരാതിയുടെ പകർപ്പും അവർ നവോദയക്ക് അയച്ചുകൊടുത്തിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്ന് ഉറപ്പുകൊടുത്തിട്ടും അനുകൂല നിലപാടെടുക്കാതിരുന്ന കുടുംബം ഏറെ സമ്മർദ്ദങ്ങൾക്കൊടുവിൽ മൃതദേഹം സ്വീകരിക്കാമെന്നും സമ്മത പത്രം അയച്ചുതരാമെന്നും അറിയിച്ചിട്ടുണ്ടെന്ന് ബാബുജി അറിയിച്ചു. രേഖകൾ ലഭിക്കുന്ന പക്ഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബാബുജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.