റിയാദ്: സൗദി അറേബ്യയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2026 ലെ ആദ്യ പാദത്തിലെ ലേബർ മാർക്കറ്റ് ബുള്ളറ്റിൻ പ്രകാരം, സൗദി പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി ചുരുങ്ങി.
മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.8 ശതമാനത്തിെൻറ വാർഷിക കുറവാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നതാണ് ഈ റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് മുൻ പാദത്തിലെ 10.3 ശതമാനത്തിൽ നിന്ന് 9 ശതമാനമായാണ് കുറഞ്ഞത്. ഇതേ കാലയളവിൽ സൗദി പുരുഷന്മാർക്കിടയിലെ നിരക്ക് 5.6 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായും കുറഞ്ഞിട്ടുണ്ട്.
രാജ്യത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന മൊത്തം ജനസംഖ്യയിലെ തൊഴിലില്ലായ്മ നിരക്ക് 3.1 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 0.4 ശതമാനത്തിെൻറ കുറവാണ് ഇതിലുണ്ടായിരിക്കുന്നത്. ഇതിൽ മൊത്തം പുരുഷ ജനസംഖ്യയിലെ തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനവും സ്ത്രീകളിൽ 7.2 ശതമാനവുമാണ്.
മേഖലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ, സൗദി പൗരന്മാർക്കിടയിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് റിയാദിലാണ് (3.9 ശതമാനം). കിഴക്കൻ പ്രവിശ്യയിൽ അഞ്ച് ശതമാനവും അൽ ജൗഫിൽ 5.9 ശതമാനവുമാണ് കുറഞ്ഞ നിരക്കുകൾ. എന്നാൽ രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് ചെയ്തത് വടക്കൻ പ്രവിശ്യയിലാണ് (9.9 ശതമാനം). അസീർ മേഖലയാണ് (8.9 ശതമാനം) തൊട്ടുപിന്നിലുള്ളത്.
തൊഴിലില്ലാത്തവർ ജോലി കണ്ടെത്തുന്നതിനായി സ്വീകരിക്കുന്ന പ്രധാന മാർഗങ്ങളെക്കുറിച്ചും അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തൊഴിലന്വേഷകരിൽ 74.6 ശതമാനം പേരും തൊഴിലുടമകളെ നേരിട്ട് സമീപിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ദേശീയ ഏകീകൃത തൊഴിൽ പ്ലാറ്റ്‌ഫോമായ ‘ജദാറത്’ ഉപയോഗിക്കുന്നവർ 55.2 ശതമാനവും, പ്രഫഷനൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ബയോഡാറ്റ പ്രസിദ്ധീകരിക്കുകയോ പുതുക്കുകയോ ചെയ്യുന്നവർ 48.5 ശതമാനവുമാണ്.
തൊഴിലില്ലാത്ത സൗദി പൗരന്മാരിൽ 95.8 ശതമാനം പേരും സ്വകാര്യ മേഖലയിലെ തൊഴിൽ ഓഫറുകൾ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോലിസ്ഥലത്തേക്കുള്ള യാത്രാസമയത്തിെൻറ കാര്യത്തിൽ, പരമാവധി ഒരു മണിക്കൂർ വരെ യാത്ര ചെയ്യാൻ തങ്ങൾ തയ്യാറാണെന്ന് 60.4 ശതമാനം സ്ത്രീകളും 45.3 ശതമാനം പുരുഷന്മാരും സമ്മതിച്ചു. കൂടാതെ, പ്രതിദിനം എട്ട് മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യാൻ തയ്യാറാണെന്ന് തൊഴിലില്ലാത്ത സ്ത്രീകളിൽ 68.2 ശതമാനം പേരും പുരുഷന്മാരിൽ 82.8 ശതമാനം പേരും വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.