യാംബുവിൽ നടന്ന വിവിധ പ്രവാസി സംഘടന നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് സംസാരിക്കുന്നു

ഇന്ത്യൻ പ്രവാസി കൂട്ടായ്മകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ പ്രശംസനീയം -സൗദി ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്

യാംബു: സൗദിയിലെ ഇന്ത്യക്കാർക്ക് ബഹുമുഖ മേഖലകളിൽ സേവനങ്ങൾ ചെയ്യുന്ന പ്രവാസി കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. കോൺസുലാർ സേവനങ്ങൾ ഇന്ത്യക്കാരിലേക്ക് എത്തിക്കാനും അതിനെക്കുറിച്ച് പ്രവാസികളെ ബോധവത്‌കരിക്കാനും കമ്യൂണിറ്റി വെൽഫയർ അംഗങ്ങളും സാമൂഹിക സാംസ്‌കാരിക കൂട്ടായ്‌മകളും നൽകുന്ന പിന്തുണ അദ്ദേഹം എടുത്തു പറഞ്ഞു.

യാംബുവിൽ വിവിധ പ്രവാസി സംഘടനാ നേതാക്കളുമായി സംസാരിക്കുകയായിരുന്നു അംബാസഡർ. ഇന്ത്യക്കാരുടെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നൂതനമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രവാസികളുടെ ക്ഷേമ കാര്യത്തിലും തൊഴിൽ സംബന്ധമായ പ്രശ്ന പരിഹാരത്തിനും നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് സാധ്യമായ എല്ലാ മാർഗങ്ങളും ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഏറ്റവും അർഹതപ്പെട്ട പ്രവാസികളുടെ അടിയന്തിര കേസുകൾക്ക് ഉപയോഗിക്കുന്നുണ്ട്. സ്‌പോൺസർമാർ കയ്യൊഴിഞ്ഞ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ഈ ഫണ്ട് ഉപയോഗിച്ചു വരുന്നുണ്ട്. തൊഴിലിടങ്ങളിലും ജയിലിലും നാടുകടത്തൽ കേന്ദ്രങ്ങളിലുമുള്ള ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എംബസിയുടെയും കോൺസുലേറ്റിന്റെയും ശ്രദ്ധയിൽ പെട്ടാൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും. സൗദി, ഇന്ത്യ നയതന്ത്ര വ്യാപാരബന്ധം സുശക്തമാണെന്നും ഇരു രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

ജിദ്ദ കോൺസുലേറ്റ് കൊമേഴ്‌സ് വിഭാഗം കോൺസുൽ ഹംന മറിയം, റിയാദ് എംബസി കൊമേഴ്‌സ് വിഭാഗം സെക്രട്ടറി റിത്തു യാദവ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ സി.സി.ഡബ്ലിയു അംഗം ശങ്കർ എളങ്കൂർ അധ്യക്ഷത വഹിച്ചു.

മാമുക്കോയ ഒറ്റപ്പാലം, അസ്‌ക്കർ വണ്ടൂർ, സിബിൾ ബേബി, സലിം വേങ്ങര, ജാബിർ വാണിയമ്പലം, അബ്ദുൽ കരീം പുഴക്കാട്ടിരി, നിയാസ് പുത്തൂർ, അഷ്‌റഫ് ആക്കോട്, ഹാഫിസ്റഹ്‌മാൻ മദനി, സാബു വെളിയം, സോജി ജേക്കബ്, വദൂദ് ഖാൻ, എന്നിവർ സംസാരിച്ചു. സി.സി.ഡബ്ല്യൂ അംഗം മുസ്തഫ മൊറയൂർ, അൽമനാർ സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, കെൻസ് ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു സന്തോഷ്, സമ മെഡിക്കൽ കോംപ്ലക്സ് മാനേജർ സുഹൈബ് നായക്കൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സിറാജ് മുസ്‌ലിയാരകത്ത് സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.