ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് ഐക്യദാർഢ്യവുമായി സൗദി അറേബ്യ

റിയാദ്: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സൗദി അറേബ്യ. ന്യൂഡൽഹിയിലെ സൗദി അറേബ്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളോട് പ്രതികരിക്കാൻ ഈ ദുഷ്‌കരമായ വേളയിൽ സൗദി അറേബ്യ ഇന്ത്യയുമായി ഐക്യദാർഢ്യം പുലർത്തുന്നുവെന്ന് എംബസിയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

ആരോഗ്യ സഹകരണം, മനുഷ്യജീവിതം സംരക്ഷിക്കൽ, മഹാമാരിക്കെതിരെ പ്രതിരോധം വളർത്തുക എന്നിവയാണ് തങ്ങളുടെ ശ്രദ്ധേയമായ ബന്ധങ്ങളുടെ പ്രധാന വശങ്ങൾ. പതിറ്റാണ്ടുകളുടെ സഹകരണവും സൗഹൃദവും വളർത്തിയെടുത്തതിലൂടെ ഞങ്ങൾ ഇന്ത്യയിലെ സഹോദരീസഹോദരന്മാർക്കൊപ്പം നിൽക്കുന്നു, ഈ പ്രതിസന്ധിയിൽ നിന്ന് അവർ കൂടുതൽ ശക്തരാകുമെന്ന് തങ്ങൾ വിശ്വസിക്കുന്നു- പ്രസ്താവന കൂട്ടിച്ചേർത്തു.

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുകയും അവ ഇന്ത്യൻ ആരോഗ്യ മേഖലയെ ബുദ്ധിമുട്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് സൗദി മിഷന്‍റെ  പ്രസ്താവന.

ഏപ്രിൽ 26 ന് യൂറോപ്യൻ യൂനിയൻ, യു.കെ, അമേരിക്ക എന്നിവരോടൊപ്പം ചേർന്ന് സൗദി അറേബ്യ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു. കോവിഡ് കേസുകളിൽ അഭൂതപൂർവമായ കുതിച്ചുചാട്ടമുണ്ടാവുകയും ഇന്ത്യയിൽ ഓക്സിജൻ ലഭ്യത കുറവാകുകയും ചെയ്തപ്പോൾ സൗദി അറേബ്യ 80 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. അദാനി ഗ്രൂപ്പും ലിൻഡെ കമ്പനിയുമായും സഹകരിച്ചാണ് ഇതിന്‍റെ വിതരണ കയറ്റുമതി നടത്തിയതെന്നും സൗദി എംബസി പ്രസ്താവനയിൽ എടുത്തുപറഞ്ഞു.

Tags:    
News Summary - Saudi express solidarity with India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.