നിക്ഷേപകര്‍ക്കുള്ള ബിസിനസ് വിസിറ്റ് വിസ 24 മണിക്കൂറിനകം

റിയാദ്: വിദേശ നിക്ഷേപകരെ സൗദിയിലേക്കാകര്‍ഷിക്കാനും പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനും ഉദ്ദേശിച്ചാണ് ബിസിനസ് വിസ നടപടികള്‍ ഉദാരമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 30 ദിവസത്തിനകം നല്‍കിയിരുന്ന വിസ 24 മണിക്കൂറിനകം നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ഗണത്തിലായാണ് വിദേശ നിക്ഷേപകര്‍ക്ക് ബിസിനസ് വിസിറ്റ് വിസ അനുവദിക്കുക. സൗദിയില്‍ വാണിജ്യ സംരംഭമുള്ള വിദേശികള്‍ക്കുള്ള സന്ദര്‍ശന വിസ, ബിസിനസ് പ്രമുഖര്‍ക്കുള്ള സന്ദര്‍ശന വിസ, വാണിജ്യ നിവേദക സംഘങ്ങള്‍ക്കുള്ള സന്ദര്‍ശന വിസ എന്നീ ഗണത്തിലാണ് 24 മണിക്കൂറിനകം വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ വിസ നല്‍കുക. ചേംബര്‍ അറ്റസ്റ്റേഷന്‍ അനിവാര്യമല്ല എന്നതും ഓണ്‍ലൈന്‍ സന്ദര്‍ശന വിസയുടെ പ്രത്യേകതയാണ്. വിദേശകാര്യ മന്ത്രാലയത്തിന് പുറമെ വാണിജ്യം, ആഭ്യന്തരം, തൊഴില്‍, സാമൂഹിക ക്ഷേമം എന്നീ മന്ത്രാലയങ്ങളും സൗദി ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയും സൗദി ചേംബറുകളും ചേര്‍ന്നാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. സൗദി വിഷന്‍ 2030ന്‍െറ ഭാഗമായാണ് നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളതെന്നും മന്ത്രാലയ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - saudi businessvisa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.