ജിദ്ദ: സൗദി അറേബ്യയിൽ തൊഴിൽ രംഗത്തെ സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കൽ സംബന്ധിച്ച് നിജസ്ഥിതി വെളിപ്പെടുത്തി മാനവ വിഭവശേഷി മന്ത്രാലയം. സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളുടെ യാഥാർഥ്യം മന്ത്രാലയ വക്താവ് നാസർ അൽഹസാനി ഒൗദ്യോഗിക ട്വീറ്ററിലാണ് വിശദീകരിച്ചത്.
നിലവിൽ ഇത്തരത്തിൽ ഒരു വാർത്ത ഒൗദ്യോഗിക സോഴ്സുകൾ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ തൊഴിൽ വിപണി വ്യവസ്ഥാപിതമാക്കുന്നതിനും വികസിപ്പിക്കുന്നതിനും നിരവധി പദ്ധതികൾ മന്ത്രാലയം ആവിഷ്കരിക്കുകയാണ്. അവ തയ്യാറായാൽ ഉടൻ ഒൗദ്യോഗികമായി പ്രഖ്യാപിക്കും. മന്ത്രാലയവുമായി ബന്ധപ്പെട്ട എന്ത് വിവരവും ഒൗദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ളവ മാത്രമേ വിശ്വസിക്കാവൂ എന്നും പങ്കുവെക്കാൻ പാടുള്ളൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ചയാണ് സൗദിയിൽ സ്പോൺസർഷിപ്പ് സംവിധാനം റദ്ദാക്കാനും പകരം തൊഴിലുടമകളും ജീവനക്കാരും തമ്മിൽ പുതിയ കരാറുണ്ടാക്കാനും പദ്ധതിയിടുന്നുവെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ അതു പ്രഖ്യാപിക്കുമെന്നും പേർ വ്യക്തമാക്കാത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു അറബിക് ഒാൺലൈൻ പത്രം റിപ്പോർട്ട് ചെയ്തത്. ഇൗ വാർത്തയെ അടിസ്ഥാനമാക്കി ലോകതലത്തിലുള്ളവ അടക്കം നിരവധി പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാനവ വിഭവശേഷി മന്ത്രാലയം സത്യാവസ്ഥ വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.