റിയാദ്: ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിൽ ആഗോളതലത്തിൽ നയങ്ങൾ രൂപീകരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സുപ്രധാന സമിതിയായ ‘കമീഷൻ ഓൺ സയൻസ് ആൻഡ് ടെക്നോളജി ഫോർ ഡെവലപ്‌മെൻറിൽ’ (സി.എസ്.ടി.ഡി) സൗദി അറേബ്യക്ക് അംഗത്വം. യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലാണ് 2027 മുതൽ 2030 വരെയുള്ള കാലയളവിലേക്ക് സൗദി അറേബ്യയെ തെരഞ്ഞെടുത്തത്. ഈ നേട്ടം ആഗോള വേദിയിൽ രാജ്യത്തിെൻറ നേതൃപരമായ പങ്കിനെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ്.
ഉദിച്ചുയരുന്ന പുതിയ സാങ്കേതികവിദ്യകൾ, ഡാറ്റാ ഗവേണൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ മേഖലകളിലെ അന്താരാഷ്ട്ര ചർച്ചകളിൽ സൗദി അറേബ്യ നൽകിവരുന്ന സജീവമായ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പെന്ന് കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ (സി.എസ്.ടി) വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഡിജിറ്റൽ പരിവർത്തനത്തിനും രാജ്യം നൽകുന്ന പിന്തുണയും ഇതിൽ പ്രധാനമാണ്.
സമിതിയിലെ അംഗമെന്ന നിലയിൽ വേൾഡ് സമ്മിറ്റ് ഓൺ ഇൻഫർമേഷൻ സൊസൈറ്റിയുടെ (ഡബ്ല്യു.എസ്.ഐ.എസ്) തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിലും 'ഗ്ലോബൽ ഡിജിറ്റൽ കോംപാക്റ്റ്' പ്രാവർത്തികമാക്കുന്നതിലും സൗദി അറേബ്യ നിർണായക പങ്കുവഹിക്കും. കൂടാതെ, യു.എൻ ജനറൽ അസംബ്ലിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ വികസനത്തിലും രാജ്യം പങ്കാളിയാകും. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. യു.എൻ സംവിധാനത്തിനുള്ളിൽ ബഹിരാകാശം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ മറ്റ് അംഗരാജ്യങ്ങളുമായും സംഘടനകളുമായും വൈദഗ്ധ്യം പങ്കുവെക്കാൻ ഇത് വഴിയൊരുക്കും. 2022-ൽ ഈ കമീഷെൻറ ഇരുപത്തിയഞ്ചാം സമ്മേളനത്തിെൻറ അധ്യക്ഷസ്ഥാനം സൗദി അറേബ്യ വിജയകരമായി വഹിച്ചിരുന്നു. ഡിജിറ്റൽ രംഗത്തെ രാജ്യത്തിെൻറ കരുത്തിലുള്ള അന്താരാഷ്ട്ര വിശ്വാസമാണ് ഇത് കാണിക്കുന്നത്.
എന്താണ് സി.എസ്.ടി.ഡി?
1992-ൽ രൂപവത്കൃതമായ സി.എസ്.ടി.ഡി യിൽ നിലവിൽ 43 അംഗരാജ്യങ്ങളാണുള്ളത്. വികസ്വര രാജ്യങ്ങളുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിക്കായി നയങ്ങൾ രൂപീകരിക്കുന്ന യു.എൻ ജനറൽ അസംബ്ലിയുടെ പ്രധാന ഉപദേശക സമിതിയാണിത്. ആഗോള ഡിജിറ്റൽ നയങ്ങളും വികസന ലക്ഷ്യങ്ങളും ഏകോപിപ്പിക്കുന്നതിൽ ഈ കമീഷൻ മുൻനിരയിൽ നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.