വാർത്താസമ്മേളനത്തിൽ മന്ത്രി എൻജിനീയർ അബ്ദുല്ല അൽ സവാഹ സംസാരിക്കുന്നു
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ മേളകളിലൊന്നായ ‘ലീപ്പ് 2026’-െൻറ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച റിയാദിൽ തുടക്കമാകും. റിയാദിന് വടക്കുള്ള മൽഹാം റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ സെപ്റ്റംബർ മൂന്ന് വരെയാണ് നാല് ദിവസം നീളുന്ന ഈ ആഗോള സാങ്കേതികവിദ്യ സംഗമം നടക്കുന്നത്.
‘പുതിയ ലോകങ്ങളിലേക്ക്’ എന്ന പ്രമേയത്തിൽ സൗദി ആശയവിനിമയ-വിവരസാങ്കേതിക മന്ത്രാലയം, സൈബർ സെക്യൂരിറ്റി ഫെഡറേഷൻ, ‘തഹാളുഫ്’ കമ്പനി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ തുടക്കത്തിന് മുന്നോടിയായി വാര്‍ത്താ മന്ത്രാലയം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ മേളയുടെ വിശേഷങ്ങളും സൗദി കൈവരിച്ച നിർണായക നേട്ടങ്ങളും വിശദീകരിച്ചു.
മുൻപ് സാങ്കേതികവിദ്യ ഇറക്കുമതി ചെയ്തിരുന്ന സൗദി അറേബ്യ ഇന്ന് അത് കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയെന്ന് മന്ത്രി വെളിപ്പെടുത്തി. രാജ്യത്ത് നിർമിച്ച 3,000-ലധികം സെർവറുകൾ അയൽരാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ സാധിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ പൂർണ പിന്തുണയോടെ നടക്കുന്ന ‘ലീപ്’, 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റമാണ്.
‘വിഷൻ 2030’ ആരംഭിച്ചതിനുശേഷം രാജ്യത്തിെൻറ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ 75 ശതമാനത്തിലധികം വളർച്ച കൈവരിച്ച് 5,220 കോടി റിയാലിൽ എത്തിയതായും ഡിജിറ്റൽ മേഖലയിലെ തൊഴിലവസരങ്ങൾ 4,10,000 ആയി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ മത്സരശേഷി, സ്പെക്ട്രം ഫ്രീക്വൻസി ലിബറലൈസേഷൻ, കഴിഞ്ഞ വർഷവും ഈ വർഷവുമായുള്ള ഡിജിറ്റൽ സജ്ജീകരണം എന്നിവയിൽ സൗദി ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി. നാഷനൽ ടെക്നോളജി ഡെവലപ്മെൻറ് പ്രോഗ്രാം വഴി 1,500-ലധികം സംരംഭകർക്കും ഒമ്പത് യൂണികോൺ കമ്പനികൾ ഉൾപ്പെടെ 5,000 കമ്പനികൾക്കും പിന്തുണ നൽകി.
രാജ്യത്ത് 80-ലധികം ടെക്നിക്കൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എഐ മേഖലയിൽ 30,000-ത്തോളം പ്രതിഭകൾക്ക് പരിശീലനം നൽകിയതായും അദ്ദേഹം പറഞ്ഞു. ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്ക് ലഭ്യതയിലെ കുറവ് 50 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറച്ചു. സേവനമേഖലയിലെ തടസ്സങ്ങൾ അഞ്ച് ശതമാനമായി ചുരുക്കിയതിനൊപ്പം, ഉപഭോക്തൃ പരാതികളെക്കുറിച്ച് കിരീടാവകാശിക്ക് സമർപ്പിക്കാൻ ത്രൈമാസ റിപ്പോർട്ടും തയ്യാറാക്കുന്നുണ്ട്.
ആമസോൺ, എൻവിഡിയ തുടങ്ങിയ ലോകോത്തര കമ്പനികളുമായുള്ള വൻകിട പദ്ധതി പ്രഖ്യാപനങ്ങളും മൈക്രോസോഫ്റ്റിന്റെ ‘അഷുർ’ ക്ലൗഡ് സേവനത്തിന്റെ ഉദ്ഘാടനവും ലീപ്പ് 26-െൻറ ഭാഗമായി തിങ്കളാഴ്ച നടക്കും. 2,50,000-ത്തിലധികം സർഗധനരായ പ്രതിഭകളും 1,800-ലധികം മുൻനിര ഐടി കമ്പനികളും 600-ലധികം സ്റ്റാർട്ടപ്പുകളും 1,000-ലധികം വക്താക്കളും 1,900-ലധികം വൻകിട നിക്ഷേപകരും ഇത്തവണ അണിനിരക്കും.
നിർമിതബുദ്ധിക്കായുള്ള ‘ഡീപ് ഫെസ്റ്റ്’, ഫിൻടെക്, ആരോഗ്യം, സ്മാർട്ട് സിറ്റികൾ, വിദ്യാഭ്യാസം, കായികം, ബഹിരാകാശം, ഗെയിമിങ് എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ‘ലീപ്പ് കണക്ട്’, ‘സ്പോർട്സ് ടെക് ഹബ്’, ‘വേൾഡ് ടെക് സോൺ’, ‘ലീപ്പ് സ്റ്റുഡിയോസ്’ എന്നീ പ്ലാറ്റ്‌ഫോമുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. രാജ്യത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാനും പുതിയ കരാറുകളിലൂടെ സൗദിയെ ആഗോള സാങ്കേതികവിദ്യയുടെയും എഐയുടെയും പ്രധാന കേന്ദ്രമാക്കി മാറ്റാനും ഉച്ചകോടി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.