സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആനും ഒമാൻ ധനമന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹസ്ബിയും കരാറൊപ്പിടുന്നു
മദീന: സൗദിയും ഒമാനും സാമ്പത്തിക മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കാര്യങ്ങളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ധാരണപത്രത്തിൽ ധനമന്ത്രി മുഹമ്മദ് അൽ ജദ്ആനും ഒമാൻ ധനമന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹസ്ബിയുമാണ് ഒപ്പുവെച്ചത്. മദീനയിൽ നടന്ന ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് ഗ്രൂപ് ഗവർണേഴ്സ് ഫോറത്തിന്റെ ഭാഗമായാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമങ്ങൾക്കുള്ളിലെ സുപ്രധാന ചുവടുവെപ്പാണ് ധാരണപത്രം പ്രതിനിധീകരിക്കുന്നതെന്ന് അൽജദ്ആൻ പറഞ്ഞു. സാമ്പത്തിക വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും അറിവിന്റെ കൈമാറ്റം വർധിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യും. ഇത് സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ പിന്തുണക്കുമെന്നും സൗദി ധനമന്ത്രി പറഞ്ഞു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സ്തംഭമെന്ന നിലയിൽ ധാരണപത്രത്തിന്റെ പ്രാധാന്യം അൽ ഹസ്ബി പറഞ്ഞു. സാമ്പത്തിക വിവരങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റം സുഗമമാക്കുന്നതിന് ഇത് സഹായിക്കും. പൊതുതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ സാമ്പത്തിക വിഷയങ്ങളിൽ സൗദിയും ഒമാനും തമ്മിലുള്ള ഏകോപനം വർധിപ്പിക്കും. സാമ്പത്തിക മേഖലയിൽ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംയുക്ത പ്രവർത്തനത്തിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഈ കരാർ സ്ഥിരീകരിക്കുന്നു.
സൗദിയും ഒമാനും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തിന്റെ ആഴം ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ഒമാൻ ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.