ദമ്മാം: സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തിയെ അസ്വസ്ഥപ്പെടുത്താന്‍ ശ്രമിക്കുന്ന ഹൂതി ഭീകരരുടെ പേടിസ്വപ്നമാണ് അപാച്ചി ഹെലികോപ്റ്ററുകള്‍. സൗദിയുടെ വ്യോമസേന താവളങ്ങളില്‍ നിന്ന് ഓരോതവണയും ഈ യന്ത്രപ്പക്ഷി പറന്നുയരുമ്പോഴും ഒരുകാര്യം ഉറപ്പാക്കാം. ലക്ഷ്യം നേടാതെ അത് മടങ്ങിയത്തെില്ല. അറബ് പൗരാണികതയുടെ ആദിമ പ്രതീകങ്ങളിലൊന്നായ പ്രാപ്പിടിയന്‍ പക്ഷിയുമായി അതിര്‍ത്തിവാസികള്‍ ഇതിനെ താരതമ്യപ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.
യമനിലെ സൈനിക നടപടി ആരംഭിച്ചതുമുതല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ ആകാശത്ത് നയിക്കുന്നത് യു.എസ് നിര്‍മിത അപാച്ചി എ.എച്ച് 64 ഡി മാതൃകയിലുള്ള ഹെലികോപ്റ്ററുകളാണ്. ആക്രമണങ്ങളില്‍ പിഴവിനുള്ള സാധ്യത പൂജ്യം ശതമാനം മാത്രമായ ഇത്തരം 92 ഹെലികോപ്റ്ററുകളാണ് സൗദിയുടെ ആവനാഴിയിലുള്ളത്.
കേവലം ഒരു മിനിറ്റിനുള്ളില്‍ 128 ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താനാവും. രാത്രികളില്‍ സൈനിക നടപടിക്കിടെ ശത്രുവിന് സാന്നിധ്യവും സ്ഥാനവും തിരിച്ചറിയാനാകില്ല എന്നതാണ് ഇതിനെ യുദ്ധരംഗങ്ങളില്‍ അജയ്യനാക്കുന്നത്. സമീപലക്ഷ്യങ്ങളെ വരെ അതിവേഗം തിരിച്ചറിയാനും പിഴവേതുമില്ലാതെ തകര്‍ക്കാനുമാകും. നൂറിലേറെ ലേസര്‍ ഗൈഡഡ് മിസൈലുകളുമായാണ് ഓരോ അപാച്ചിയും പറന്നുപൊങ്ങുന്നത്. മൈക്രോ കമ്പ്യൂട്ടര്‍ നിയന്ത്രിത മിസൈലുകള്‍ക്ക് 14 കിലോമീറ്റര്‍ ആണ് പരിധി. ഒപ്പം 30 എം.എം കാലിബര്‍ മെഷീന്‍ ഗണ്ണും ഘടിപ്പിച്ചിട്ടുണ്ട്. ലക്ഷ്യങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇന്‍ കാബിന്‍ സാങ്കേതിക വിദ്യയും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അപാച്ചിയില്‍ ഉപയോഗിക്കുന്ന ഹെല്‍ഫയര്‍ മിസൈലുകള്‍ യുദ്ധമുന്നണിയിലെ ടാങ്കുകളും കവചിത വാഹനങ്ങളും തകര്‍ക്കാനാണ് ഉപയോഗിക്കുന്നത്. ഈ വാഹനങ്ങളുടെ കരുത്തേറിയ ആവരണം ഭേദിക്കാന്‍ സഹായിക്കുന്ന തനതുവിക്ഷേപണ സംവിധാനമാണ് ഹെല്‍ഫയര്‍ മിസൈലുകള്‍ക്കുള്ളത്.
ചലിക്കുന്ന ലക്ഷ്യങ്ങളെ തൊടുക്കപ്പെട്ട ശേഷവും കൃത്യമായി പിന്തുടരാന്‍ ഇവക്ക് കഴിയും. ലേസര്‍ തരംഗങ്ങളാല്‍ നയിക്കപ്പെടുന്ന മിസൈലുകളുടെ ഉന്നം നിര്‍ണയിക്കുന്നത് കാബിനിലെ ആയുധങ്ങളുടെ ചുമതലയുള്ള പൈലറ്റാണ്. അയാള്‍ നിലത്തെ ലക്ഷ്യത്തിലേക്ക് ലേസര്‍ രശ്മികള്‍ ആദ്യം പായിക്കും. ലക്ഷ്യം നിശ്ചയിച്ചുകഴിയുന്നതോടെ മിസൈലിന് അതിന്‍െറ യാത്രാപഥം നിര്‍ണയിച്ചുകിട്ടുന്നു. മിസൈലിലെ ഓര്‍മച്ചെപ്പില്‍ ഈ ലക്ഷ്യം രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ബാക്കിയുള്ളത് വിക്ഷേപണം മാത്രമാണ്.
ഹെല്‍ഫയര്‍ കൂടാതെ 2.75 ഇഞ്ച് ഏരിയല്‍ മിസൈലുകളും അപാച്ചിയിലുണ്ടാകും. ഒന്നിനു പിറകെ ഒന്നായി ക്ഷണനേരം കൊണ്ട് ഇവയുടെ കാഞ്ചി വലിക്കാന്‍ പൈലറ്റുമാര്‍ക്കാകും. ഇത്തരം ഹെലികോപ്റ്ററുകളുടെ പേടിസ്വപ്നമായ തെര്‍മല്‍ മിസൈലുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള വിദ്യയും അപാച്ചിയിലുണ്ട്. നിലത്തുനിന്ന് തൊടുക്കപ്പെടുന്ന ചൂട് തേടുന്ന തരം മിസൈലുകള്‍ ഹെലികോപ്റ്ററുകളെ വീഴ്ത്തിയിട്ടുണ്ട്. ഈ അപകടം നേരിടാന്‍ പരമാവധി എന്‍ജിന്‍ താപം കുറയ്ക്കുന്ന തരം സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സമീപവായുവിനെ തണുപ്പിക്കുന്ന സംവിധാനവും കൂടിയാകുമ്പോള്‍ അപാച്ചി ആകാശത്ത് അതുല്യനാകുന്നു.
സൗദി ഉപയോഗിക്കുന്ന ശ്രേണിയിലുള്ള അപാച്ചിക്ക് 100 ദശലക്ഷം ഡോളറിനടുത്താണ് വില. സൗദി വ്യോമസേനയിലെ ഏറ്റവും മിടുക്കരായ പൈലറ്റുമാരാണ് ഈ ഹെലികോപ്റ്ററുകള്‍ പറത്തുന്നത്.
വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശീലനത്തിന്‍െറ കരുത്തുമായാണ് ഇവര്‍ രാജ്യത്തിന്‍െറ ആകാശത്തെ കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.