ഉംറ നിർവഹിച്ചു, പിതാവിനെ കണ്ടു; ഖുർആൻ മനഃപാഠമാക്കുക എന്ന ആഗ്രഹം ബാക്കിയാക്കി സക്കീർ ഹുസൈൻ മടങ്ങി

ജിദ്ദ: അർബുദം ശരീരത്തെ കാർന്നു തിന്നുമ്പോഴും സൗദി ജയിലിൽ കിടക്കുന്ന പിതാവിനെ കാണണം, ഉംറ നിർവഹിക്കണം എന്ന ആഗ്രഹങ്ങളുമായി സൗദിയിലെത്തുകയും ആഗ്രഹങ്ങൾ പൂർത്തിയാക്കി മടങ്ങുകയും ചെയ്ത 13കാരൻ സക്കീർ ഹുസൈൻ ബുധനാഴ്ച മരണത്തിന് കീഴടങ്ങി. നീലഗിരി ജില്ലയിലെ ദേവർഷോല സ്വദേശിയാണ് സക്കീർ ഹുസൈൻ. 

ഒമ്പതു വർഷത്തോളമായി നേരിൽ കാണാത്ത പിതാവിനെ അവസാനമായി ഒന്ന് കാണണം, ചുംബിക്കണം, പിതാവിന്‍റെ തലോടലിൽ കൊച്ചുകുഞ്ഞായി വേദനകൾ മറക്കണം, ഉംറ നിര്‍വഹിക്കണം ഇതായിരുന്നു സക്കീർ ഹുസൈന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഈ ആഗ്രഹം യാഥാർഥ്യമാക്കാൻ ചില സാമൂഹ്യ പ്രവർത്തകർ രംഗത്തിറങ്ങി. അവരുടെ ശ്രമഫലമായി സക്കീർ ഹുസൈൻ ഉമ്മ സഫിയക്കും പിതാവിന്‍റെ പിതാവ് മുഹമ്മദലി ഹാജിക്കുമൊപ്പം മക്കയിലെത്തി ഉംറ നിർവഹിക്കുകയും ശേഷം ജിദ്ദയിലെയും ജിസാനിലെയും സാമൂഹ്യ പ്രവർത്തകരുടെയും മറ്റ് ഉദാരമതികളുടെയുമെല്ലാം സഹായത്തോടെ ജിസാനിൽ ജയിലിലായിരുന്ന പിതാവ് സൈദ് സലിമിനെ കാണാനും അവസരമുണ്ടായി. ആഗ്രഹം പൂർത്തിയാക്കി ഇവർ നാട്ടിലേക്ക് മടങ്ങി. 

സക്കീർ ഹുസൈൻ പിതാവിനൊപ്പം
 

ഉടനെ തന്നെ സക്കീർ ഹുസൈന്‍റെ പിതാവ് സൈദ് സലീം ജയിൽ മോചിതനാവുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. നാട്ടിലെത്തിയ അദ്ദേഹം ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു പിന്നീട് ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. സക്കീർ ഹുസൈന്‍റെ കദനകഥ നേരത്തെ 'ഗൾഫ് മാധ്യമം' വാർത്തയാക്കിയിരുന്നു. വാർത്തയറിഞ്ഞു പലരും കുടുംബത്തെ സഹായിക്കാൻ രംഗത്തു വന്നിരുന്നു. 

ഉദാരമതികളുടെ സഹായത്തോടെ ഇവർക്ക് വീട് നിർമിക്കാനായി ആറ് സെന്‍റ് സ്ഥലവും വാങ്ങി നൽകി. അതിനിടക്കാണ്‌ സക്കീർ ഹുസൈന് രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. നീലഗിരി പാടന്തറ മർക്കസ് തഫ്‌ഹീളുൽ ഖുർആൻ കോളജിൽ ഖുർആൻ ഹിഫ്ള് വിദ്യാർഥിയായിരുന്ന സക്കീർ ഹുസൈൻ ഖുർആൻ മുഴുവൻ മനഃപാഠമാക്കണമെന്ന ആഗ്രഹം സഫലമാകാതെയാണ് മരണത്തിന് കീഴടങ്ങിയത്. ദേവർഷോല ത്രീ ഡിവിഷൻ ജുമാ മസ്ജിദ് മഖ്ബറയിൽ മയ്യിത്ത് ഖബറടക്കി. സക്കീർ ഹുസൈന്‍റെ മരണവാർത്ത സൗദി പ്രവാസികൾ ഏറെ നൊമ്പരത്തോടെയാണ് കേട്ടത്.

Tags:    
News Summary - sakkir hussain succumbed to death without fulfill his wishes -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.