റിയാദ് മെട്രോ: അല്‍സ്റ്റോം കമ്പനി ആദ്യട്രെയിന്‍ കൈമാറി

റിയാദ്: റിയാദ് മെട്രോ പദ്ധതിക്കായി ‘അല്‍സ്റ്റോം’ നിര്‍മിക്കുന്ന ട്രെയിനിന്‍െറ ആദ്യബാച്ച് കൈമാറി. മൊത്തം 69 മെട്രോപൊളിസ് ട്രെയിന്‍ സെറ്റുകളാണ് ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം റിയാദ് മെട്രോക്ക് നിര്‍മിക്കുന്നത്. 4,5,6 (മഞ്ഞ,പച്ച,പര്‍പ്പിള്‍) ലൈനുകളിലേക്കുള്ളതാണ് ഈ ട്രെയിനുകള്‍. എയര്‍പോര്‍ട്ട് - കിങ് അബ്ദുല്ല ഫിനാന്‍ഷ്യന്‍ ഡിസ്ട്രിക്ട് (29.6 കി.മീ), കിങ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സെന്‍റര്‍ - റിയാദ് എയര്‍ബേസ് (12.9 കി.മീ), കിങ് അബ്ദുല്ല ഫിനാന്‍ഷ്യന്‍ ഡിസ്ട്രിക്ട് -ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്സിറ്റി-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ അവല്‍ റോഡ് (29.9 കി.മീ) എന്നിവയാണ് ഈ ലൈനുകള്‍. 
2013 ലാണ് അല്‍സ്റ്റോം ഉള്‍പ്പെട്ട ‘ഫാസ്റ്റ്’ കണ്‍സോര്‍ഷ്യത്തിന് അര്‍റിയാദ് ഡെവലപ്മെന്‍റ് അതോറിറ്റി (എ.ഡി.എ) ട്രെയിന്‍ നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. നിര്‍മാണം സമയബന്ധിതമായി പുരോഗമിക്കുകയാണെന്നും 2018 അവസാനത്തോടെ എല്ലാ ട്രെയിനും കൈമാറുമെന്നും അല്‍സ്റ്റോം അറിയിച്ചു. 
മുന്‍നിശ്ചയപ്രകാരം തന്നെ ആദ്യ മെട്രോപൊളിസ് ട്രെയിന്‍ സെറ്റ് എ.ഡി.എക്ക് കൈമാറാന്‍ കഴിഞ്ഞതില്‍ തൃപ്തിയുണ്ടെന്ന് അല്‍സ്റ്റോം മിഡിലീസ്റ്റ് ആന്‍ഡ് ആഫ്രിക്ക സീനിയര്‍ വൈസ് പ്രസിഡന്‍റ് ഗ്യാന്‍ ലുക്ക എര്‍ബാച്ചി സൂചിപ്പിച്ചു. 
സൗകര്യപ്രദമായ, പ്രകൃതി സൗഹൃദ യാത്രക്ക് റിയാദ് നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഈ പദ്ധതി അവസരമൊരുക്കും. സൗദി അറേബ്യയുമായി ദീര്‍ഘകാല സഹകരണത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 231 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന, 36 മീറ്റര്‍ നീളമുള്ള രണ്ടുബോഗികള്‍ ചേര്‍ന്നതാണ് ഒരു ട്രെയിന്‍ സെറ്റ്. ഓരോ ട്രെയിനിലും ഫസ്റ്റ്, ഫാമിലി, സിംഗിള്‍ എന്നീ മൂന്നുതരം ക്ളാസുകള്‍ ഉണ്ടാകും. മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെയാകും വേഗം. മേഖലയുടെ കാലാവസ്ഥ പ്രത്യേകതകള്‍ക്കനുസരിച്ചുള്ളതാണ് ബോഗികള്‍. കാഠിന്യമേറിയ വേനല്‍ക്കാലത്തും ആവശ്യമായ ശീതീകരണസംവിധാനം ഉറപ്പാക്കാന്‍ പ്രത്യേകതരം എ.സി കളാണ് സ്ഥാപിച്ചിട്ടുള്ളത്. പൊടി അടിച്ചുകയറാത്ത രീതിയിലുള്ള വാതിലുകള്‍ ഇവയുടെ മറ്റൊരു സവിശേഷതയാണ്. പോളണ്ടിലെ കാറ്റോവൈസിലുള്ള അല്‍സ്റ്റോമിന്‍െറ ഫാക്ടറിയിലാണ് റിയാദ് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. അല്‍സ്റ്റോമിന്‍െറ മെട്രോ ശ്രേണിയില്‍ ഏറ്റവും മികവുറ്റതാണ് മെട്രോപൊളിസ്. 
പനാമ, സിംഗപ്പൂര്‍, സിഡ്നി, സാവോപോളോ, ഷാങ്ഹായ്, ആംസ്റ്റര്‍ഡാം തുടങ്ങിയ നഗരങ്ങളിലായി 5,000 ലേറെ മെട്രോപോളിസ് ട്രെയിന്‍ സെറ്റുകളാണ് നിലവില്‍ ഓടുന്നത്. കേരളത്തിലെ കൊച്ചി മെട്രോക്കും ട്രെയിന്‍ സെറ്റ് നിര്‍മിച്ചുനല്‍കുന്നത് അല്‍സ്റ്റോമാണ്. റിയാദിന് കൈമാറിയ അതേ മാതൃകയിലുള്ള മെട്രോപോളിസ് ട്രെയിന്‍ സെറ്റുകളാകും കൊച്ചിയിലും ഭാവിയില്‍ ഓടുക.

Tags:    
News Summary - riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.