അപൂർവ ഗ്രൂപ്പിൽപെട്ട രക്തം ദാനം ചെയ്യാൻ റിയാദിലെത്തിയ ജലീന, മുഹമ്മദ്​ ഫാറൂഖ്, മുഹമ്മദ്​ റഫീഖ്, മുഹമ്മദ്​ ശരീഫ് എന്നിവർ റിയാദിൽ

കടൽ കടന്നെത്തി രക്തം നൽകിയവർക്ക് റിയാദ്​ പ്രവാസികളുടെ ആദരം

റിയാദ്: അപൂർവ രക്ത​ഗ്രൂപ്പുമായി കടൽകടന്നെത്തി റിയാദിലൊരു കുരുന്നി​െൻറ ജീവൻ നിലനിർത്താൻ ജീവരക്തം പകർന്നുനൽകിയ ആ നാലുപേരും റിയാദിലെ മലയാളിസമൂഹത്തി​െൻറ സ്​നേഹാദരങ്ങൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക്​ തിരിച്ചു. സ്വദേശി ബാലന്റെ ജീവൻ നിലനിർത്താൻ വളരെ അപൂർവമായ ബോംബെ ഗ്രൂപ്പ് രക്തം​ നൽകാൻ രണ്ടാഴ്​ച മുമ്പ്​ നാട്ടിൽനിന്ന് വന്ന ഷെരീഫ്, ജലീന, റഫീഖ്, ഫാറൂഖ് എന്നിവരാണ് സൗദി-ഇന്ത്യാ ബന്ധത്തിന് ചോരയുടെ പശിമ കൂടി നൽകി മടങ്ങിയത്. സൗദി ബ്ലഡ് ഡോണേഴ്‌സ് (ബി.ഡി.കെ) കേരള ഘടകം പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടിയും ജനറൽ സെക്രട്ടറി ഫസൽ ചാലാടുമാണ് ഈ ദൗത്യം കേരള ഘടകത്തിന്റെ പിന്തുണയോടെ ഏറ്റെടുത്ത്​ നടത്താൻ രംഗത്തിറങ്ങിയത്​.

രണ്ടുവർഷത്തോളമായി സൗദി കുടുംബം ഈ അപൂർവ രക്ത​ഗ്രൂപ്പി​െൻറ ദാതാക്കളെ അന്വേഷിക്കുകയായിരുന്നു. ആറു മാസം മുമ്പ്​ കുടുംബത്തിന്​ ഫസൽ ചാലാടിനെ ബന്ധപ്പെടാനായതാണ്​ വഴിത്തിരിവായത്​. പിന്നീട്​ എല്ലാം വളരെ വേഗമായിരുന്നു. ആവശ്യമായ നിയമനടപടികളെല്ലാം പൂർത്തീകരിച്ച്​ ഈ രക്തഗ്രൂപ്പുകാരായ നാലുപേരെ കണ്ടെത്തി സൗദിയിലെത്തിക്കുകയായിരുന്നു. ജലീന (മലപ്പുറം), മുഹമ്മദ്​ ഫാറൂഖ്​ (തൃശൂർ), മുഹമ്മദ്​ റഫീഖ്​ (ഗുരുവായൂർ), മുഹമ്മദ്​ ശരീഫ്​ (പെരിന്തൽമണ്ണ) എന്നിവരാണ്​ രക്തംനൽകാൻ റിയാദിലെത്തിയത്​.

റിയാദിൽ ഒരുക്കിയ യാത്രയയപ്പ്​ ചടങ്ങിൽ

പ്രവാസി മലയാളി ഫൗണ്ടേഷൻ ഭാരവാഹികളായ ബിനു കെ. തോമസ്, റസ്സൽ കമറുദ്ദീൻ എന്നിവരും സഹായവുമായി മുൻപന്തിയിലുണ്ടായിരുന്നു. റിയാദിലെത്തി ദിവസങ്ങളോളം ഇവിടെ തങ്ങി ആശുപത്രിയിൽ ബാല​െൻറ ശസ്​ത്രക്രിയാ വേളയിൽ രക്തം നൽകുകയായിരുന്നു. അതിന്​ ശേഷം നാട്ടിലേക്ക്​ മടങ്ങാൻ നേരമാണ്​ ബത്​ഹയിൽ മലയാളികൾ യാത്രയയപ്പ്​ ഒരുക്കിയത്​.

അപ്പോളോ സിമോറോ ഓഡിറ്റോറിത്തിൽ നടന്ന ചടങ്ങിൽ ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അമീർ സുൽത്താൻ മിലിട്ടറി ആശുപത്രിയിലെ കാർഡിയോളജിസ്​റ്റ്​ ഡോ. അബ്ദുൽ മജീദ് ഉദ്​ഘാടനം ചെയ്​തു. ശിഹാബ് കൊട്ടുക്കാട്, സത്താർ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, വി.ജെ. നസ്രുദ്ദീൻ, ഷിബു ഉസ്മാൻ, ഉമർ മുക്കം, ഷാജഹാൻ ചാവക്കാട്, റാഫി പാങ്ങോട്, സിദ്ദീഖ്​ തൂവ്വൂർ, ബഷീർ കരുനാഗപ്പള്ളി, വിജയൻ നെയ്യാറ്റിൻകര, നൗഷാദ് ആലുവ, ബഷീർ കനിവ്, സൈനുദ്ദീൻ ഉമർ, സലിം അർത്തിയിൽ, ഷാജി മഠത്തിൽ എന്നിവർ സംസാരിച്ചു. ഗഫൂർ കൊയിലാണ്ടി, കെ.എസ്. സൗമ്യ, ഫസൽ ചാലാട്, സൈനുദ്ദീൻ ഉമർ എന്നിവർ രക്തദാതാക്കൾക്ക് പ്രശംസാഫലകം സമ്മാനിച്ചു. ബി.ഡി.കെയുടെ ഉപഹാരം ബിനു കെ. തോമസിന് ഷബീറും റസ്സൽ കമറുദ്ദീന് ജലീലും കൈമാറി.

രക്തദാതാക്കൾ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയപ്പോൾ

മൂന്നു പതിറ്റാണ്ട്​ നീണ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി ഗഫൂർ കൊയിലാണ്ടിയെ പ്രവാസി മലയാളി ഫൗണ്ടേഷൻ ചടങ്ങിൽ ആദരിച്ചു. ജലീൽ ആലപ്പുഴ പ്രശംസാഫലകം കൈമാറി. പൊന്നാനി പ്രവാസി കൂട്ടായ്മ, റിയാദ് ടാക്കീസ് എന്നീ സംഘടനകൾ ഉപഹാരങ്ങൾ നൽകി. ഫസൽ ചാലാട് സ്വാഗതവും സ്വാലിഹ നന്ദിയും പറഞ്ഞു.

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് പോയ രക്തദാതാക്കൾക്ക്​ കോഴിക്കോട് വിമാനത്താവളത്തിൽ ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ പ്രവർത്തകർ സ്വീകരണം നൽകി.

Tags:    
News Summary - Riyadh NRI's respect those who donated blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.