റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ച ഉണ്ടായ ആക്രമണങ്ങളിൽ പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അറിയിച്ചു. ആക്രമണത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വിമാനത്താവള സമുച്ചയത്തിന് നേരെ വ്യാഴാഴ്ച രണ്ടിടങ്ങളിലായാണ് ആക്രമണം നടന്നത്. ആദ്യ ആക്രമണം വിമാനത്താവളത്തിന്റെ പൊതു സൗകര്യങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തെ ആക്രമണത്തിൽ ടെർമിനലിൽ നിർത്തിയിട്ടിരുന്ന സൗദി അറേബ്യൻ എയർലൈൻസിന്റെ വിമാനത്തിന് നാശനഷ്ടം സംഭവിച്ചു. സംഭവം നടക്കുമ്പോൾ വിമാനത്തിനുള്ളിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സൗദിയ എയർലൈൻസ് പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് ബിൻ അലി അൽ-കൽതമി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൗദി അറേബ്യൻ എയർലൈൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അന്തരിച്ച ക്യാപ്റ്റന്റെ വേർപാടിൽ കമ്പനി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

സംഭവം നടന്ന ഉടൻ തന്നെ അടിയന്തര രക്ഷാസേനയും പ്രാദേശിക സുരക്ഷാ വിഭാഗങ്ങളും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. നിസ്സാരവും ഗുരുതരവുമായ പരിക്കേറ്റവരെ ഉടനടി വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

വിമാനത്താവളത്തിന്റെ സുരക്ഷയും യാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കിയ ശേഷം, വ്യാഴാഴ്ച വൈകുന്നേരം 6:00 മണി മുതൽ കിംഗ് ഖാലിദ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും റഗുലർ വിമാന സർവീസുകളും പൂർണ്ണമായി പുനഃസ്ഥാപിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റിയും സൗദിയ ഗ്രൂപ്പും അറിയിച്ചു.

Tags:    
News Summary - Riyadh King Khalid Airport Attacked: Three Dead Including Pilot, Services Resumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.