യമനിൽ രൂക്ഷമായ പോരാട്ടം തുടരുന്നു

സനാഅ/റിയാദ്: സൗദിയിലെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും വിമാനത്താവളങ്ങൾക്ക് നേരെയും ഹൂതികൾ നടത്തിയ മാരകമായ ആക്രമണങ്ങൾക്ക് മറുപടിയായി യമനിൽ രൂക്ഷമായ പോരാട്ടം നടക്കുന്നതായി റിപ്പോർട്ട്. യമനിലുടനീളം 82 സൈനിക കേന്ദ്രങ്ങൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകർത്തതായി വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. യമനിലെ വിവിധ ഗവർണറേറ്റുകളിലുള്ള വിവിധ ബാലിസ്റ്റിക് മിസൈൽ സംഭരണശാലകളും കമാൻഡ് സെന്ററുകളും ആക്രമിക്കപ്പെട്ടു.

സനയിൽ നേരത്തെ ഉപയോഗിച്ചിരുന്ന മിസൈൽ വിക്ഷേപണ കേന്ദ്രവും സഖ്യസേന തകർത്തതായി റിപ്പോർട്ടുണ്ട്. യമനിലെ സാദ, അൽ ഹുദൈദ, അൽ ജൗഫ്, മാരിബ് എന്നീ ഗവർണറേറ്റുകളിലെ ഹൂതി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സഖ്യസേനയുടെ സംയുക്ത വിഭാഗം ആക്രമണം കടുപ്പിച്ചിട്ടുണ്ട്. സാദയിലെ മലനിരകളിൽ സ്ഥിതി ചെയ്യുന്ന 11 ബാലിസ്റ്റിക് മിസൈൽ സംഭരണശാലകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ആശയവിനിമയ സംവിധാനങ്ങൾ, മിസൈൽ ആയുധ ഡിപ്പോകൾ, ഹൂതി സേനയുടെ ഒത്തുചേരൽ കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

സൗദിക്കെതിരെ മറ്റൊരു ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ സനയിൽ വെച്ച് ആക്രമണത്തിന് ഉപയോഗിച്ച വിക്ഷേപണ കേന്ദ്രം തകർത്തതായി മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. യമന്റെ പടിഞ്ഞാറൻ ചെങ്കടൽ തീരത്തും ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപവും ഹൂതികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിനായി സൗദി അറേബ്യയും സഖ്യകക്ഷികളായ യമൻ സർക്കാർ സേനയും ചേർന്ന് വലിയൊരു കര വ്യോമ ആക്രമണം ആരംഭിച്ചതായും അവിടെ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ധുബാബ്, തന്ത്രപ്രധാനമായ മോഖ തുറമുഖം എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം ആഗോള വ്യാപാരത്തിന്റെ ഏകദേശം 12 ശതമാനവും കടന്നുപോകുന്ന നിർണായകമായ സമുദ്രപാതയായ ബാബ് അൽ മന്ദബിന് മേൽ ആധിപത്യം പുലർത്തുന്ന തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്താൻ ഹൂതികൾ കിണഞ്ഞു പരിശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. സംഘർഷം മൂർച്ഛിച്ചത് ഊർജ -ഷിപ്പിങ് മേഖലയെ കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്. സമീപ ദിവസങ്ങളിൽ ഹൂതികൾ റിയാദ് ഉൾപ്പെടെയുള്ള മേഖലകളെ പലതവണ ആക്രമണ ലക്ഷ്യമായിട്ടുണ്ട്. എണ്ണ, സൈനിക സംവിധാനങ്ങൾക്കുനേരെയും കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായി.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും തെക്കുപടിഞ്ഞാറൻ അസീർ മേഖലയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്നാണ് സഖ്യസേന സൈനിക നടപടി കൂടുതൽ ശക്തമാക്കിയത്.

പുതുതായി ആരംഭിച്ച പോരാട്ടം വലിയ മാനുഷിക ദുരന്തത്തിനും കാരണമായിട്ടുണ്ട്. ഏറ്റവും പുതിയ സംഘർഷത്തിൽ ഏകദേശം 1,000 പേർ കൊല്ലപ്പെടുകയും 200,000 ത്തിലധികം ആളുകൾക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം യമനിൽ കോളറ, പോഷകാഹാരക്കുറവ് എന്നിവ വർദ്ധിക്കുന്നതിനെ ക്കുറിച്ചും ചില ആശുപത്രികളിൽ മരുന്നുകളുടെയും ചികിത്സാ സാമഗ്രികളുടെയും ക്ഷാമം നേരിടുന്നതിനെക്കുറിച്ചും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

2014 ൽ യമനിലെ വിമത വിഭാഗമായ ഹൂതികൾ സനയും യമനിലെ വലിയൊരു ഭാഗവും പിടിച്ചെടുത്തതോടെയാണ് സംഘർഷം ആരംഭിച്ചത്. അന്താരാഷ്ട്ര അംഗീകാരമുള്ള യമനിലെ ഔദ്യോഗിക സർക്കാരിനെ പിന്തുണച്ചുകൊണ്ട് 2015 മാർച്ചിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇതിൽ ഇടപെടുകയായിരുന്നു.

2022 ഏപ്രിലിൽ നിലവിൽ വന്ന ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള വെടിനിർത്തൽ കരാർ താരതമ്യേന ശാന്തമായ ഒരു ദീർഘകാലഘട്ടം സൃഷ്ടിച്ചിരുന്നെങ്കിലും പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള പുതിയ നീക്കങ്ങളും പോരാട്ടങ്ങളും യുദ്ധത്തിന് നിമിത്തമായി.

ഹൂതികളിൽ നിന്ന് പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള യമൻ സർക്കാർ സേനയുടെ ശ്രമങ്ങളെ പിന്തുണക്കുന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാനും സൗദി സേന ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുന്നതിലേക്കാണ് പുതിയ നീക്കം വിരൽ ചൂണ്ടുന്നത്.

Tags:    
News Summary - Intense fighting continues in Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.