റിയാദ് എക്‌സ്‌പോ 2030: ടൂറിസം മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയുടെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവേകാനും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ടൂറിസം മന്ത്രാലയവും ‘എക്‌സ്‌പോ 2030 റിയാദ്​’ സംഘാടകരും തമ്മിൽ തന്ത്രപ്രധാനമായ സഹകരണ കരാറിൽ ഒപ്പുവെച്ചു. അന്താരാഷ്​ട്ര തലത്തിൽ സൗദിയുടെ വിനോദസഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കുകയും എക്‌സ്‌പോയിലേക്ക് പരമാവധി സന്ദർശകരെ ആകർഷിക്കുകയുമാണ് ഈ പങ്കാളിത്തത്തി​െൻറ പ്രധാന ലക്ഷ്യം.

റിയാദിൽ നടന്ന ചടങ്ങിൽ സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹമീദുദ്ദീനും, എക്‌സ്‌പോ 2030 റിയാദ്​ സി.ഇ.ഒ എൻജി. തലാൽ അൽമർറിയുമാണ് കരാറിൽ ഒപ്പുവെച്ചത്. എക്‌സ്‌പോയുടെ ആസൂത്രണം, വികസനം, നടത്തിപ്പ് എന്നിവയുടെ പൂർണ ചുമതലയുള്ള ഔദ്യോഗിക സ്ഥാപനമാണ് എക്‌സ്‌പോ 2030 റിയാദ് അതോറിറ്റി.

ഈ കരാറിലൂടെ അന്താരാഷ്​ട്ര വിപണികളിൽ സൗദിയെ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടാൻ ഇരു വിഭാഗങ്ങളും സംയുക്തമായി പ്രവർത്തിക്കും. സൗദിയുടെ ടൂറിസം സാധ്യതകൾ ആഗോളതലത്തിൽ എത്തിക്കുന്നതിനായി ഏകോപിപ്പിച്ച മാർക്കറ്റിങ്​, മീഡിയ പദ്ധതികൾ ആവിഷ്കരിക്കും.

ഗുണനിലവാരമുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലൂടെയും സന്ദർശകർക്ക് ആവശ്യമായ വിവരങ്ങൾ തടസ്സമില്ലാതെ കൈമാറുന്നതിലൂടെയും മികച്ച അനുഭവം ഉറപ്പാക്കും. സന്ദർശകരെ ആകർഷിക്കുന്നതിനായി വൈവിധ്യമാർന്ന ടൂറിസം ഉൽപ്പന്നങ്ങളും ആധുനിക സേവനങ്ങളും സംയുക്തമായി വികസിപ്പിക്കും.

സൗദിയുടെ പാരമ്പര്യവും വൈവിധ്യമാർന്ന കാഴ്ചകളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനുള്ള പ്രതിബദ്ധതയുടെ അടയാളമാണ് ഈ കരാറെന്ന് ഫഹദ് ഹമീദുദ്ദീൻ വ്യക്തമാക്കി. ടൂറിസം മേഖലയുടെ വികസനത്തിൽ എക്‌സ്‌പോ ഒരു സുപ്രധാന നാഴികക്കല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സ്‌പോയുടെ അസാധാരണമായ ഒരു പതിപ്പ് ലോകത്തിന് സമ്മാനിക്കുന്നതിനായി സൗദി ടൂറിസം അതോറിറ്റിയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുമെന്ന് തലാൽ അൽമർറി പറഞ്ഞു. സന്ദർശകരുടെ എണ്ണം വർധിപ്പിക്കുന്നതിനും ആഗോളതലത്തിൽ രാജ്യത്തി​െൻറ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ദീർഘവീക്ഷണമുള്ള നാളേക്ക് ഒരുമിച്ച്’ എന്ന പ്രമേയത്തിൽ 2030 ഒക്ടോബർ ഒന്ന്​ മുതൽ 2031 മാർച്ച് 31 വരെയാണ് ഈ ആഗോള മാമാങ്കം നടക്കുന്നത്. 60 ലക്ഷം ചതുരശ്ര മീറ്റർ ഭൂപരിധിയിൽ അഞ്ച് പ്രധാന മേഖലകളിലായി തിരിച്ചാണ്​ എക്​സ്​പോ അരങ്ങേറുന്നത്​. 197 രാജ്യങ്ങളും 29 അന്താരാഷ്​ട്ര സംഘടനകളും പ​ങ്കെടുക്കും. ലോകമെമ്പാടുനിന്നുമുള്ള 4.2 കോടിയിലധികം ആളുകൾ സന്ദർശകരായി എത്തും. അന്താരാഷ്​ട്ര പ്രദർശനങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിപാടികളിലൊന്നായി റിയാദ് എക്‌സ്‌പോ മാറുമെന്നാണ് കരുതപ്പെടുന്നത്.

Tags:    
News Summary - Riyadh Expo 2030: Memorandum of Understanding signed with the Ministry of Tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.