താമസ, തൊഴിൽ നിയമലംഘനങ്ങൾ: ഒരാഴ്ചക്കിടെ 15,894 വിദേശികൾ പിടിയിൽ

യാംബു: വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ, അതിർത്തിസുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ അഞ്ചു വരെ 15,894 വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസനിയമലംഘനം നടത്തിയ 9192 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 3968 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2734 പേർ എന്നിവരാണ് അറസ്റ്റിലായതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 313 പേർ അറസ്റ്റിലായത്.

ഇവരിൽ യമനികൾ 51 ശതമാനവും ഇത്യോപ്യക്കാർ 37 ശതമാനവും മറ്റു വിവിധ രാജ്യക്കാർ 12 ശതമാനവുമാണ്. 42 നിയമലംഘകർ സൗദി അറേബ്യയിൽനിന്ന് പുറത്തേക്കു പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരുകയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 14 പേരും അറസ്റ്റിലായിട്ടുണ്ട്. മൊത്തം 48,911 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിനുള്ള നടപടിക്ക് വിധേയരായിട്ടുണ്ട്.

അതിൽ 45,422 പുരുഷന്മാരും 3489 സ്ത്രീകളുമാണ്. പിടികൂടിയവരിൽ 38,790 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു. 2169 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 8234 നിയമലംഘകരെ ഇതിനകം നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് സഹായം നൽകുന്നഏതൊരാൾക്കും 15 വർഷം വരെ തടവും ലക്ഷം റിയാൽ പിഴയും ലഭിക്കും. 

Tags:    
News Summary - Residence and labor violations: 15,894 foreigners arrested in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.