യാംബു: രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ 10 കോടി റിയാൽ പൊതുഖജനാവിലേക്ക് എത്തിയതായി സൗദി ധനമന്ത്രാലയം അറിയിച്ചു.
അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഇനിയും അവശേഷിക്കുന്ന തുക വരും നാളുകളിൽ പൊതുഖജനാവിലെത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ, അഴിമതിവിരുദ്ധ അതോറിറ്റി 15 കേസുകൾ പ്രത്യേകം പരിശോധിക്കുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഒരു മേഖലയിലെ അണക്കെട്ടിെൻറ പരിസരത്തുള്ള സ്വത്തുക്കൾ കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് അതോറിറ്റിയുടെ മുന്നിലെത്തിയ ആദ്യ കേസ്.
കേസിലെ ക്രമക്കേടുകൾ കണ്ടെത്തുകയും കേസിന് കൂട്ടുനിന്ന കോടതിയിലെ തലവനായ ഒരു അപ്പീൽ ജഡ്ജിയെ അതോറിറ്റി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗവർണറേറ്റുകളിലെയും മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെയും അനുബന്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 12 പൊതുജീവനക്കാരും ഈ പ്രക്രിയയിൽ പങ്കാളികളായതായി അതോറിറ്റി വ്യക്തമാക്കി.
സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ സഹകരണത്തോടെ പുകയില കയറ്റുന്ന ഒരു കണ്ടെയ്നർ അനധികൃതമായി തുറമുഖത്തിലൂടെ കടന്നുപോകാൻ അനുവദിച്ചതിന് 12 ജീവനക്കാരെയും ഒരു വിദേശിയെയും അറസ്റ്റ് ചെയ്ത കേസായിരുന്നു രണ്ടാമത്തേത്. ആഭ്യന്തര മന്ത്രാലയത്തിെൻറ സഹകരണത്തോടെ, ജയിലിനുള്ളിൽ നിരോധിത വസ്തുക്കൾ അനുവദിച്ചതിന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസിൽ ജോലിചെയ്യുന്ന അക്കൗണ്ടൻറിനെ അതോറിറ്റി അറസ്റ്റ് ചെയ്ത കേസായിരുന്നു മൂന്നാമത്തേത്.
വധശിക്ഷ കോടതിയുടെ തലവനായി പ്രവർത്തിച്ച ജഡ്ജിയെ കക്ഷിയുടെ അഭിഭാഷകനിൽനിന്ന് സാമ്പത്തിക കേസിലേക്ക് 25 ലക്ഷം റിയാൽ കൈക്കൂലി വാങ്ങിയ കേസായിരുന്നു നാലാമത്തേത്. സർവകലാശാലയിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ ബന്ധുക്കളുടെ വാണിജ്യ സ്ഥാപനങ്ങൾക്ക് നിയമവിരുദ്ധമായി പ്രോജക്ടുകൾ നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു അഞ്ചാമത്തെ കേസ്.
കമ്പനിയുടെ ചട്ടങ്ങൾക്കെതിരായി പ്രവർത്തിക്കുകയും ജീവനക്കാരിൽ ഒരാളിലൂടെ കമ്പനി ഉടമയിൽനിന്ന് 16 ലക്ഷം റിയാൽ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ആറാമത്തെ കേസ്. രണ്ട് പൊതുപാർക്കുകളിൽ അറ്റകുറ്റപ്പണികൾക്കും ഇൻറർനെറ്റ് പ്രവർത്തന പദ്ധതികൾക്കുമായി വ്യാജ കരാറിൽ ഒപ്പിട്ടതിന് മുനിസിപ്പാലിറ്റികളിലെ ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്മെൻറിെൻറ ഡയറക്ടർ അറസ്റ്റിലായ കേസായിരുന്നു ഏഴാമത്തേത്. ആഭ്യന്തര മന്ത്രാലയത്തിെൻറ സഹകരണത്തോടെ, തുറമുഖത്തുനിന്ന് പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചതിന് ബോർഡർ ഗാർഡുകളിൽ ജോലി ചെയ്യുന്നവർ എന്ന വ്യാേജന കമീഷൻ ചെയ്യാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത കേസാണ് എട്ടാമത്തേത്.
ഇലക്ട്രിക് ജനറേഷൻ സ്റ്റേഷനുമായി ബന്ധപ്പെട്ട് അനധികൃത ഇടപാടുകൾ ചെയ്ത് തെറ്റായ വിവരങ്ങൾ നൽകിയ തുറമുഖത്ത് ജോലിചെയ്യുന്ന മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്ത കേസ് ഒമ്പതാമത്തേതും പൊലീസ് വകുപ്പിൽ ഉദ്യോഗസ്ഥൻ ഒരു പൗരെൻറ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന കേസ് പത്താമതായും കമീഷൻ പരിശോധിച്ചു. സർക്കാർ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർ ആശുപത്രിയിലെ ഔദ്യോഗിക അവധിക്കാലത്ത് മറ്റൊരു ആശുപത്രിയുമായി താൽക്കാലിക തൊഴിൽ കരാറിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട കേസാണ് 11ാമത്തേത്.
മാനവ വിഭവശേഷി വികസന ഫണ്ടിെൻറ (ഹദഫ്) സഹകരണത്തോടെ 39 ജീവനക്കാരെ രജിസ്റ്റർ ചെയ്തതിനും ക്രമരഹിതമായ രീതിയിൽ 1,90,500 റിയാൽ സർക്കാർ സഹായം നേടിയതിനും വാണിജ്യ സ്ഥാപനത്തിെൻറ ഉടമയെ അറസ്റ്റ് ചെയ്ത കേസ്, ഗവർണറേറ്റുകളിലൊന്നിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ജീവനക്കാരൻ നിയമവിരുദ്ധമായി ആശുപത്രിയുടെ ഇലക്ട്രോണിക് സംവിധാനം ദുരുപയോഗിച്ച കേസ്, തടങ്കൽകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി നിയമവിരുദ്ധമായി ഒരു പൗരനെ മോചിപ്പിച്ച കേസ്, വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ജോലി ചെയ്യുന്ന നിർമാണ വകുപ്പിെൻറ മാനേജരെ വ്യാജ റിപ്പോർട്ടുകൾ തയാറാക്കിയതിന് പിടികൂടിയ കേസ് എന്നിവയാണ് മറ്റുള്ളവ.സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ, കൈക്കൂലി, സ്വാധീനം ദുരുപയോഗം ചെയ്യുക, വഞ്ചന, പൊതുജനങ്ങളുടെ പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ കേസുകൾ ചാർജ് ചെയ്ത് ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.