അസീറില്‍ പരക്കെ മഴ,  മഞ്ഞുവീഴ്ച, വന്‍ നാശനഷ്ടം

ഖമീസ് മുശൈത്ത്: അസീറില്‍ കഴിഞ്ഞ രണ്ട് ദിവസമായ പെയ്യുന്ന അതിശക്തമായ മഴയിലും, ഇടിമിന്നലിലും,മഞ്ഞ് വീഴ്ചയിലും വന്‍ നാശനഷ്ടം. അസീറിലെ വിവിധ പ്രദേശങ്ങളില്‍ മലയിടിച്ചിലിലും ,റോഡ് ഒലിച്ച് പോയും വെള്ളപ്പൊക്കത്തിലും നിരവധി വാഹനങ്ങള്‍ക്ക് കേട് പാടുകള്‍ സംഭവിച്ചു. അസീസിയയില്‍ മേല്‍ക്കൂര തകര്‍ന്ന് മലയാളികള്‍ താമസിച്ച റൂമിന്‍െറ ഫര്‍ണിച്ചര്‍ അടക്കം മുഴുവന്‍ സാധനങ്ങള്‍ നശിച്ചു . ഇവര്‍ പുറത്ത് ആയിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ദൂരക്കാഴ്ച കുറവായതിനാല്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചും ഡിവൈഡറില്‍ ഇടിച്ചും അപകടങ്ങളുണ്ടായി.   അബ്ഹ, ഖമീസ് മുശൈത്ത്, സറാത്ത് ആബിദ, തനൂമ , നമാസ്, ദഹ്റാന്‍ ജനൂബ്, ബല്‍ഖറന്‍, റിജാലുല്‍ അല്‍മഅ്, മഹാഇല്‍ അസീര്‍, ബറക്,  മുജാറദ തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. അപകട ഭീഷണിയെ തുടര്‍ന്ന് അബഹയിലേക്കുള്ള വാഹനങ്ങള്‍ എയര്‍പോര്‍ട്ട് റോഡ് വഴി തിരിച്ച് വിട്ടു. അബ്ഹ- ദര്‍ബ് റോഡിലും, അബ്ഹ-മൊഹായില്‍, അബ്ഹ- ത്വാഇഫ് റോഡിലും മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. സിവില്‍ ഡിഫന്‍സ്, പോലിസ്, മുന്‍സിപ്പാലിറ്റി അധികൃതര്‍ സംയുക്തമായി  രക്ഷാപ്രവര്‍ത്തനo നടത്തി. താഴ്ന്ന ഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിലും, വീടുകളിലും വെള്ളം കയറി. വെളളിയാഴ്ചവരെ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന ഭാഗങ്ങളിലുള്ളവരും വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരും ശ്രദ്ധിക്കണമെന്ന്  സിവില്‍ ഡിഫന്‍സ് അറിയിച്ചു. റിയാദ് മേഖലയുടെ ചില ഭാഗങ്ങളിലും അല്‍ബാഹയിലും  ചൊവ്വാഴ്ച  മഴയുണ്ടായി. രാജ്യത്തെ പല മേഖലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ സാധ്യത കണക്കിലെടുത്ത് ട്രാഫിക്, റെഡ്ക്രസന്‍റ് എന്നിവക്ക്  കീഴില്‍ ആവശ്യമായ ഒരുക്കങ്ങള്‍  നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  

Tags:    
News Summary - rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.