മദീന: മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയിൽ വൻ നാശനഷ്ടങ്ങൾ. അൽഉല മേഖലക്ക് പടിഞ്ഞാറ് വാദി ഫദ്ലിൽ കാണാ തായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. സുരക്ഷ ഹെലികോപ്ടറിെൻറ സഹായത്തോടെ സിവിൽ ഡിഫൻസ് താഴ്വരകളിലും മറ്റും തെരച്ചിൽ തുടരുകയാണ്. ഏകദേശം 100 ലധികം പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി. യാമ്പു മേഖലയിൽ 14 ഒാളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. നിരവധി പേരാണ് വെള്ളത്തിൽ കുടുങ്ങിയത്. വീടുകൾക്കും നാശനഷ്ടമുണ്ട്. ചിലയിടങ്ങളിൽ ഷോക്കേറ്റ സംഭവവുമുണ്ടായി.
സഹായം തേടി നിരവധി കാളുകളെത്തിയതായി മദീന സിവിൽ ഡിഫൻസ് വക്താവ് ഖാലിദ് അൽജുഹ്നി പറഞ്ഞു. മദീനയുടെ വടക്ക്, പടിഞ്ഞാറ്, കിഴക്ക് എതാണ്ട് എല്ലാ പ്രദേശങ്ങളിലും നല്ല മഴയാണുണ്ടായത്. 111 പേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പൊലീസുമായി സഹകരിച്ച് മുൻകരുതലെന്നോണം ആറ് റോഡുകൾ അടച്ചതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. മഴ ദുരിത ബാധിത പ്രദേശങ്ങൾ എത്രയും വേഗം പൂർവ സ്ഥിതിയിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് നടപടി സ്വീകരിക്കാൻ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ആവശ്യപ്പെട്ടു. മേഖലയിലെ സ്ഥിതിഗതികൾ ഗവർണർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
അതേ സമയം, മഴവെള്ളം നീക്കം ചെയ്യാനും റോഡിലെ മണ്ണും െചളിയും നീക്കം ചെയ്യാനും അതതു മുനിസിപ്പാലിറ്റിക്ക് കീഴിൽ ജോലികൾ തകൃതിയായി നടന്നു വരികയാണ്. നിരവധി തൊഴിലാളികളെ ഇതിനായി നിയോഗിക്കുകയും ടാങ്കർ ലോറികളും മറ്റ് ഉപകരണങ്ങളും ഒരുക്കുകയും ചെയ്തിട്ടുണ്ട്. വെള്ളം നീക്കം ചെയ്ത് അടച്ചിട്ട റോഡുകൾ എത്രയും വേഗം തുറന്നു കൊടുക്കാൻ ട്രാഫിക് ഗതാഗത വകുപ്പും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.