വടക്കൻ ചെങ്കടൽ തീരത്തെ റാസ് ശൈഖ് ഹുമൈദിലെ പൈതൃക ഡൈവിങ് സ്ഥലം 

കടലിലെ പൈതൃകസ്ഥലങ്ങൾ സംരക്ഷിക്കാൻ പദ്ധതി

ജിദ്ദ: ചെങ്കടലിലും അറേബ്യൻ ഉൾക്കടലിലുമുള്ള സാംസ്കാരിക പൈതൃക സ്ഥലങ്ങളുടെ സംരക്ഷണത്തിന് സൗദി അറേബ്യൻ പദ്ധതി. ഇതിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സൗദി പുരാവസ്തു അതോറിറ്റി സി.ഇ.ഒ ഡോ. ജാസിർ അൽ ഹർബഷ് അറിയിച്ചു.

ചെങ്കടലിലെ പൈതൃകസ്ഥാനങ്ങൾ കണ്ടെത്തി സർവേ നടത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് വിശദീകരിക്കാൻ ജിദ്ദ തുവലിലെ കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശീയവും അന്തർദേശീയവുമായ സർവകലാശാലകളുടെ സഹകരണത്തോടെയാണ് പ്രത്യേക കേന്ദ്രം സ്ഥാപിക്കുക. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, ഇറ്റാലിയൻ യൂനിവേഴ്സിറ്റി ഓഫ് നേപ്പിൾസ് തുടങ്ങിയ സർവകലാശാലകളാണ് പട്ടികയിലുള്ളത്. കടലിൽ മുങ്ങാംകുഴിയിടാൻ പ്രാചീനകാലം മുതലേ സൗകര്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി അവ കൂടുതൽ സൗകര്യപ്പെടുത്തും.

ചെങ്കടലിലും അറേബ്യൻ ഉൾക്കടലിലും സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ടുള്ള നിരവധി രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ഡോ. ജാസിർ അൽഹർബഷ് പറഞ്ഞു. ഈ രഹസ്യങ്ങൾ കണ്ടെത്തുന്നതിനും ലോകസമക്ഷം അവതരിപ്പിക്കുന്നതിനും നിർദിഷ്ട കേന്ദ്രം സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിക്ക് കീഴിലെ ചെങ്കടൽ ഗവേഷണ കേന്ദ്രം രാജ്യത്തെ എല്ലാതരത്തിലുമുള്ള ശാസ്ത്രപഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് വാതിൽ തുറന്നിട്ടിരിക്കുന്നതായി യൂനിവേഴ്സിറ്റി സ്ട്രാറ്റജിക് നാഷനൽ പ്രോഗ്രസ് വൈസ് പ്രസിഡൻറും സീനിയർ അസോസിയേറ്റുമായ ഡോ. നജാഹ് അശ്രി പറഞ്ഞു. ലാബുകളിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചെങ്കടലിന്റെ രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്യുകയാണ്.

ഈ രംഗത്തെ പങ്കാളികളുമായി ചേർന്ന് ശേഷി വിപുലമാക്കാൻ ശ്രമം നടത്തുകയാണ്. 'വിഷൻ 2030'ന്റെ ലക്ഷ്യപ്രാപ്തിക്കായി തങ്ങളുടേതായ സംഭാവന അർപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ഡോ. നജാഹ് പറഞ്ഞു. ജൂലൈ 13 മുതൽ ആരംഭിച്ച ചെങ്കടൽ പര്യവേക്ഷണ പദ്ധതി സെപ്റ്റംബർ അഞ്ചുവരെ തുടരുമെന്ന് പുരാവസ്തു അതോറിറ്റി സൂചിപ്പിച്ചു.

നേപ്പിൾസ് സർവകലാശാലയിൽനിന്നുള്ള സംഘവും കിങ് അബ്ദുൽ അസീസ് സർവകലാശാല സംഘവും സഹകരിച്ചാണ് ഇത് നടത്തുന്നത്. വടക്കൻ ചെങ്കടൽതീരത്തെ റാസ് ശൈഖ് ഹുമൈദിനും ഉംലജിൽ കപ്പൽ തകർന്നുകിടക്കുന്നതിനും ഇടയിലുള്ള മേഖലയിലാണ് സർവേ നടത്തുന്നത്. ഈ ഭാഗത്ത് ഇതിനകം 25 പൈതൃകസ്ഥലങ്ങൾ കണ്ടെത്തിയതായും അതോറിറ്റി വ്യക്തമാക്കി. 

Tags:    
News Summary - Project to protect marine heritage sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.