കണ്ണീര് കൊണ്ട് സ്വന്തം ജീവിതമെഴുതി  മുബീന്‍ നിസയും മക്കളും ജന്മനാട്ടിലേക്ക് മടങ്ങി 

റിയാദ്: ‘ദുരിതം’ എന്ന വാക്ക് മതിയാകില്ല, ചെന്നൈ സ്വദേശിനി മുബീന്‍ നിസയും രണ്ട് മക്കളും കുടിച്ച കണ്ണീരിനെ വിവരിക്കാന്‍. പതിനേഴ് വര്‍ഷത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങാന്‍ റിയാദ് വിമാനത്താവളത്തില്‍ നില്‍ക്കുമ്പോള്‍ മാത്രം കണ്ണുനീരുണങ്ങിയ ആ കണ്ണുകളില്‍ ചെറിയൊരു ആഹ്ളാദത്തിന്‍െറ തിളക്കം.  ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള മുബീന്‍ നിസയും ഭര്‍ത്താവ് എന്‍ജി. മുഹമ്മദ് ഇഖ്ബാലും പ്രമുഖ കമ്പനിയുടെ വിസയിലാണ് 2000ത്തില്‍ റിയാദിലത്തെിയത്. അധ്യാപികയുടെയും സിസ്റ്റംസ് എന്‍ജിനീയറുടെയും തൊഴില്‍ വിസകളിലാണ് ഇരുവരും വന്നത്. രണ്ടുവര്‍ഷത്തിന് ശേഷം മറ്റൊരു കമ്പനിയില്‍ ചേര്‍ന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അവിടത്തെ ജോലിയും ഉപേക്ഷിക്കുകയും തൊഴിലുടമയുടെ ദേഷ്യത്തിനിരയായി ഹുറൂബ് (ഒളിച്ചോടി), മത്ലൂബ് (വാന്‍റഡ്) എന്നീ നിയമകുരുക്കില്‍ പെടുകയും ചെയ്തു. ഇഖാമ പുതുക്കാനും നിയമാനുസൃതം ജോലി ചെയ്യാനും കഴിയാത്ത അവസ്ഥയായി. കഴിവുറ്റ സോഫ്റ്റ് വെയര്‍ എന്‍ജീനിയറായതിനാല്‍ നല്ല കമ്പനികളില്‍ തുടര്‍ന്നും ജോലി കിട്ടാന്‍ പ്രയാസമുണ്ടായിരുന്നില്ല. സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള സമയമാകുമ്പോള്‍ കമ്പനികളില്‍ നിന്നും ഒഴിവാകുകയായിരുന്നു പതിവ്. അനധികൃതമായതിനാല്‍ താമസയിടങ്ങളും നിരന്തരം മാറേണ്ടിവന്നു. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ ജനിച്ചു. ഉമറും ഹഫ്സയും. ഇപ്പോള്‍ ഇവര്‍ക്ക് 14ഉം 12ഉം വയസുണ്ട്. നിയമകുരുക്ക് മൂലം ജനനം യഥാസമയം ബന്ധപ്പെട്ട കാര്യാലയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനോ ഇന്ത്യന്‍ പാസ്പോര്‍ട്ട് നേടാനൊ കഴിഞ്ഞില്ല. ഫലത്തില്‍ കുട്ടികള്‍ക്ക് പൗരത്വ പ്രതിസന്ധിയുമായി. നാട്ടിലും ദമ്പതികള്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. വിഭിന്ന മതങ്ങളില്‍ പെട്ട ഇവര്‍ രജിസ്റ്റര്‍ വിവാഹമാണ് നടത്തിയത്. പാലക്കുറു സുധാകറാണ് മുഹമ്മദ് ഇഖ്ബാലായി മാറിയത്. ഇരുവരുടെയും കുടുംബങ്ങള്‍ ഇവരെ സ്വീകരിക്കാന്‍ തയാറായില്ല. ഇതേതുടര്‍ന്നാണ് ഉപജീവനത്തിന് സൗദിയില്‍ അഭയം തേടിയത്. നാട്ടില്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ല. ഇതെന്തെങ്കിലും ആയ ശേഷം നാട്ടിലേക്ക് മടങ്ങാമെന്നായിരുന്നു തീരുമാനം. എന്നാല്‍ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകിടം മറിഞ്ഞു. ജീവിതം തന്നെ ഒരു പേടി സ്വപ്നമായി മാറി. ചിലരുടെ കാരുണ്യത്താല്‍ നിയമകുരുക്കുകള്‍ ഒരുവിധം മാറ്റി 2015 നവംബര്‍ മാസത്തില്‍ ഇഖ്ബാല്‍ നാട്ടിലേക്ക് മടങ്ങി. പുതിയ വിസയില്‍ തിരിച്ചത്തെി ഭാര്യയുടെയും മക്കളുടെയും നിയമപരമായ പദവികള്‍ ശരിയാക്കാമെന്ന പ്രതീക്ഷയുമായി. എന്നാല്‍ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ചെന്നൈയില്‍ വെച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് കാല് നഷ്ടമായി. പ്രമേഹരോഗിയായതിനാല്‍ പഴുപ്പ് കയറി മുറിച്ചുമാറ്റേണ്ടിവന്നതാണ്. തിരിച്ചുവരാനുള്ള സാധ്യത മങ്ങി. കുടുംബം റിയാദില്‍ തീര്‍ത്തും നിരാലാംബവസ്ഥയിലായി. തന്‍െറ ആദ്യ കമ്പനിയിലത്തെി സഹപ്രവര്‍ത്തകരോട് മുബീന്‍ ദുരിതാവസ്ഥ അറിയിച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. ഇഖ്ബാലിന്‍െറ മുന്‍ സഹപ്രവര്‍ത്തകനായിരുന്ന പാലക്കാട് സ്വദേശി യൂസുഫ് വിവരം അറിഞ്ഞ് സഹായിക്കാന്‍ മുന്നോട്ട് വന്നു. വാടക കൊടുക്കാഞ്ഞതിനാല്‍ അപ്പാര്‍ട്ട്മെന്‍റില്‍നിന്ന് കുടിയിറക്കപ്പെട്ടതോടെ യൂസുഫും ഭാര്യയും സംരക്ഷണം നല്‍കി. ആറുമാസമായി തങ്ങളുടെ വില്ലയോട് ചേര്‍ന്നുള്ള ഒറ്റ മുറി വീട്ടില്‍ അവരെ താമസിപ്പിക്കുകയും യൂസുഫിന്‍െറ ഭാര്യ അവര്‍ക്ക് എല്ലാനിലക്കുമുള്ള സംരക്ഷണ കവചമായി മാറുകയും ചെയ്തു. എന്നാല്‍ ഇവരെ നാട്ടില്‍ അയക്കാനുള്ള രേഖകള്‍ ശരിയാക്കല്‍ അത്രയെളുപ്പമായിരുന്നില്ളെന്ന് യൂസുഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കുട്ടികള്‍ ജനിച്ച ആശുപത്രിയും സൗദി കാര്യാലയങ്ങളും ഇന്ത്യന്‍ എംബസിയും ഒറ്റയാനായി അദ്ദേഹം ആറുമാസത്തോളം കയറിയിറങ്ങിയാണ് ജനന വിജ്ഞാപനമടക്കമുള്ള എല്ലാ രേഖകളും ശരിയാക്കിയെടുത്തത്. എംബസി ഒൗട്ട് പാസ് നല്‍കി. തന്‍െറ സുഹൃത്ത് വലയം ഉള്‍പ്പെട്ട ഒരു വാട്സ് ആപ് ഗ്രൂപ്പും ചില വ്യക്തികളും സഹായവുമായി ഒപ്പമുണ്ടായിരുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് ബലം നല്‍കിയെന്നും മൂന്ന് പേര്‍ക്കുമുള്ള വിമാന ടിക്കറ്റ് സമ്മാനിച്ചത് ഒരു മലയാളിയാണെന്നും യൂസുഫ് പറഞ്ഞു. വിവരം അറിഞ്ഞ് അവിടെ ചെന്ന ലേഖകനോട് വാര്‍ത്തയില്‍ സഹായിച്ച തന്‍െറയോ കൂട്ടുകാരുടെയോ പേര് ചേര്‍ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ സ്നേഹ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്വന്തം പേര് പോലും വെളിപ്പെടുത്താന്‍ തയാറായതും ചിത്രമെടുക്കാന്‍ സമ്മതിച്ചതും.   ഞായറാഴ്ച വൈകീട്ട് 4.30നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. ഒരു വാടക വീട് തരപ്പെടുത്തി അവരെ സ്വീകരിക്കാന്‍ മുഹമ്മദ് ഇഖ്ബാല്‍ കാത്തിരിക്കുകയാണ്.
 

Tags:    
News Summary - pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.