ജിസാൻ: പ്രവാസി വെൽഫെയർ ജിസാനിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. തനിമ അസീർ സോൺ ആക്ടിങ് പ്രസിഡൻറ് എൻജി. നബ്ഹാൻ സൈദ് സാംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ബബരി മസ്ജിദിന്റെ ദുരന്ത പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അർഥവും ലക്ഷ്യവും എവിടെയെത്തി നിൽക്കുന്നുവെന്ന് ഏവർക്കും ഊഹിക്കാനാവും. ശരിയായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഏവരും പഠിക്കുകയും തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ഇസ്മാഈൽ മാനു അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി ഷംസു പൂക്കോട്ടൂർ, തനിമ അസീർ സോൺ സെക്രട്ടറി സുഹൈൽ എന്നിവർ സംസാരിച്ചു. നൗഷാദ് വാഴക്കാട് സ്വാഗതവും യൂസുഫ് കുറ്റാളൂർ നന്ദിയും പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടികൾ പ്രവാസി വെൽഫെയർ അസീർ വൈസ് പ്രസിഡൻറ് ഡോ. ദുർഗ രുക്മിണി കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ജൂനിയർ, സീനിയർ വിദ്യാർത്ഥികളുടെ ക്വിസ് മത്സരം, സ്വാതന്ത്ര്യസമര സേനാനികളായ ഗാന്ധിജി, നെഹ്റു, അബുൽ കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, അംബേദ്കർ തുടങ്ങിയവരുടെ വേഷത്തിൽ അവതരിപ്പിച്ച സ്കിറ്റ്, സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ച് ബോധവാന്മാരാക്കുന്ന സ്കിറ്റ് എന്നിവ ശ്രദ്ധേയമായി. നൗഷാദ് വാഴക്കാട് അടക്കം ജിസാനിലെ ഗായക, ഗായികമാർ ഗാനങ്ങൾ ആലപിച്ചു.
ക്വിസ് മത്സരം ജൂനിയർ വിഭാഗത്തിൽ തീർത്ഥ, രിസാ, ഹാദി ഷാഹീൻ എന്നിവരും സീനിയർ വിഭാഗത്തിൽ അനാമിക ബിജു ചെറിയാൻ, മെലിറ്റ മേരി സിജിൻ, ഹനാ ഫാത്തിമ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഡോ. ഷെഫീഖ്, യൂസുഫ് കുറ്റാളൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ജിസാൻ ഇന്ത്യൻ ഹീറോസ് ക്ലബ്ബും ഗഫൂർക്കായുടെ ചായക്കടയും സ്പോൺസർ ചെയ്ത വിജയികൾക്കുള്ള സമ്മാനങ്ങൾ ഷംസു പൂക്കോട്ടൂരും ഡോ. ദുർഗ്ഗ രുഗ്മിണിയും വിതരണം ചെയ്തു. ഷാഹീൻ പാണ്ടിക്കാട്, ഷൗകത്ത്, ഇസ്മാഈൽ ശാന്തപുരം, സുഹൈൽ, ഹസീന, സഫീന ഷാഹീൻ, പ്രീതി ജോർജ്, മുഫീദ, ജെസ്നി, റുബീന, ശബ്ന അലി, അസ്മ മശൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.