റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ നാട്ടിലേക്കയച്ച സംഖ്യയില്‍ 21 ശതമാനം കുറവു വന്നതായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) റിപ്പോര്‍ട്ട് ചെയ്തു. 2016 സെപ്തംബറിനെ അപേക്ഷിച്ച് നടപ്പുവര്‍ഷം സെപ്തംബറിലെ കണക്കുമായി തുലനം ചെയ്യുമ്പോഴാണ് ഈ കുറവ് രേഖപ്പെടുത്തിയത്.
അതേസമയം കഴിഞ്ഞ 70 മാസത്തെ ഏറ്റവും കുറഞ്ഞ വിദേശ ട്രാന്‍സ്ഫറാണ് സെപ്തംബറില്‍ നടന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 8.55 ബില്യന്‍ റിയാലാണ് നടപ്പുവര്‍ഷം സെപ്തംബറില്‍ വിദേശികള്‍ നാട്ടിലേക്കയച്ചത്. 2011 നവംബറിലാണ് ഇതിലും കുറഞ്ഞ കണക്ക് രേഖപ്പെടുത്തിയിരുന്നത്.
8.17 ബില്യന്‍ റിയാലാണ് അന്ന് സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ചിരുന്നത്. ഇതനുസരിച്ച് അഞ്ച് വര്‍ഷവും പത്ത് മാസവും പിന്നിട്ടതിന് ശേഷം ഏറ്റവും കുറഞ്ഞ വിദേശ ട്രാന്‍സ്ഫര്‍ നിരക്കാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ആഗസ്റ്റില്‍ 12.55 ബില്യന്‍ റിയാല്‍ രേഖപ്പെടുത്തിയപ്പോള്‍ തൊട്ടടുത്ത മാസം അത് 8.55 ബില്യനായി കുറഞ്ഞു എന്ന് കണക്കാക്കുമ്പോള്‍ രണ്ട് മാസത്തിനകം ഈ ഇനത്തില്‍ വന്ന കുറവ് 32 ശതമാനമാണെന്നും സാമ്പത്തിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ജനസംഖ്യയുടെ 33 ശതമാനം വിദേശികളാണെന്നും സെന്‍സസ് വിഭാഗം വ്യക്തമാക്കി. വിദേശി ജോലിക്കാരും അവരുടെ ആശ്രിതരുമടക്കം 12.2 ദശലക്ഷം വിദേശികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.