പാപമുക്തിക്ക്​ വേണ്ടി പ്രാർഥിച്ച്​ അറഫയോട്​ വിടപറഞ്ഞ്​ ഹാജിമാർ...

മക്ക: ആത്മാവി​െൻറ ആഴത്തിൽനിന്ന് ദൈവത്തിലേക്ക് കൈയ്യുയർത്തുന്ന ഹാജിമാരുടെ കണ്ണീർ കഴിഞ്ഞുപോയ പാപക്കറകൾ കഴുകിക്കളയുമ്പോൾ അപ്പോൾ പ്രസവിക്ക​പ്പെട്ടതുപോലെ നിഷ്കളങ്കതയിലേക്കും പരിശുദ്ധിയിലേക്കും ഉയരാൻ അവസരം ഒരുക്കപ്പെടും എന്നാണ് വിശ്വാസം. വർണവർഗ ദേശ വ്യത്യാസമില്ലാതെ അറഫയിൽ ഒന്നായി നിന്നപ്പോൾ എല്ലാവരും ഒരേ ദൈവത്തി​െൻറ അടിമകൾ എന്ന സമഭാവനയാണ്​ ലോകത്തേക്ക്​ പ്രസരിച്ചത്​. 165 രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് 17 ലക്ഷത്തിലേറെ തീർഥാടകർ അറഫയിൽ സംഗമിച്ചത്.

പ്രഭാഷണത്തിന് ശേഷം ഹാജിമാർ ജബലുറഹ്​മക്ക്​ (അനുഗ്രഹങ്ങളുടെ പർവതം) സമീപം ഒരുക്കിയ താൽക്കാലിക തമ്പുകളിലേക്ക് മാറി. ശുഭ്രവസ്ത്രധാരികളാൽ തൂവെള്ളയണിഞ്ഞ്​ ആ പർവതവും വിശ്വാസികളോടൊപ്പം ഹജ്ജിൽ പങ്കുചേർന്നു. സൂര്യാസ്തമനം വരെ ലോക മുസ്​ലീങ്ങളുടെ മുഴുവൻ പ്രതിനിധികളായി തീർഥാടകർ അല്ലാഹുവിനോട് മനമുരുകി പ്രാർഥിച്ചു.ലോകം നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള കരുത്തിനായും അവരുടെ പ്രാർഥനകൾ നീണ്ടു.

 

നോവുന്ന പ്രശ്നമായ ഫലസ്തീൻ പീഡിത ജനതയുടെ വേദന ഹൃദയത്തിലേറ്റിയ ഹാജിമാർ ആകാശത്തിലേക്ക് കൈനീട്ടി നിസ്സഹായതയോടെ പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടു. 40 ഡിഗ്രി സെൽഷ്യസിന്​ മുകളിൽ കത്തുന്ന സൂര്യന് കീഴെ എല്ലാം അവഗണിച്ച് അവർ ദിവ്യസ്മരണയിൽ മുഴുകിനിന്നു. സൂര്യാസ്തമനം വരെ തിരിച്ചറിവ്​ എന്ന അർഥമുള്ള അറഫ മൈതാനം ആത്മീയതയുടെ ഉച്ചിയിലെത്തി.

മറ്റ്​ തീർഥാടകരോടൊപ്പം ഇന്ത്യൻ ഹാജിമാരെ വ്യാഴാഴ്ച ഉച്ചയോടെ അറഫയിൽ എത്തിച്ചിരുന്നു. 59,265 തീർഥാടകർ മശാഇർ ട്രെയിൻ വഴിയാണ് അറഫയിൽ എത്തിയത്. സ്വകാര്യ ഗ്രൂപ്പുകൾ വഴിയെത്തിയ ഹാജിമാർ ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസ് മുഖേനയുമെത്തി. കഠിനമായ ചൂടാണ് അറഫയിൽ അനുഭവപ്പെട്ടത്. നിർജലീകരണം കാരണം പല ഹാജിമാരും അവശരായി. അവർക്ക്​ പ്രഥമ ശുശ്രൂഷ നൽകി.

 

മക്കയിലെ വിവിധ ആശുപത്രികളിലുള്ള ഹാജിമാരെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലുമായാണ്​ അറഫയിൽ എത്തിച്ചത്​. സന്നദ്ധ സംഘടനകളും അറഫയിൽ ഹാജിമാരുടെ സേവനത്തിന് അണിനിരന്നിരുന്നു. ആത്മീയസായൂജ്യത്തോടെയും ആത്മസംതൃപ്തിയോടെയുമാണ് ഓരോ ഹാജിയും അറഫയോട് വിട പറഞ്ഞത്. ഇന്ത്യൻ തീർഥാടകരിൽ 18 പേർ ഹജ്ജിനു മുന്നേ വിവിധ കാരണങ്ങളാൽ മരിച്ചിരുന്നു. രോഗശയ്യയിലായ 14 മലയാളികളെ ആംബുലൻസിലാണ് അറഫയിൽ എത്തിച്ചത്.

Tags:    
News Summary - Pilgrims bid farewell to Arafat after praying for forgiveness of sin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.