പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെയും സംഘത്തെയും സൗദി കിരീടാവകാശി മുഹമ്മദ് ബ്നു സൽമാൻ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു 

ജിദ്ദ: വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിന്​ സൗദി അറേബ്യയും പാകിസ്​താനും രണ്ടു കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പിട്ടു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തിയ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബ്നു സൽമാനുമാണ് കരാറുകളിൽ ഒപ്പുവെച്ചത്.

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി സുപ്രീം കോഒാഡിനേഷൻ കൗൺസിൽ രൂപവത്​കരിക്കുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. വെള്ളിയാഴ്ച ജിദ്ദ കിങ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ ഇംറാൻ ഖാനെയും സംഘത്തെയും കിരീടാവകാശി മുഹമ്മദ് ബ്​നു സൽമാൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വാണിജ്യമന്ത്രി ഡോ. മാജിദ് അൽ ഖസബിയും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെ റോയൽ കോർട്ടിലാണ് ഉഭയക്ഷി സംഭാഷണങ്ങൾ നടന്നത്. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻെറയും ഏകോപനത്തിൻെറയും വശങ്ങൾ വിപുലീകരിക്കുന്നതിനും തീവ്രമാക്കുന്നതിനും വിവിധ മേഖലകളിൽ അവ വർധിപ്പിക്കുന്നതിനും തീരുമാനിച്ചു. ഇരു രാജ്യങ്ങളുടെയും സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് സഹായകരമാകുന്ന തരത്തിൽ പ്രാദേശിക, അന്തർദേശീയ മേഖലകളിലെ പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഇരുവരും അഭിപ്രായങ്ങൾ കൈമാറി.

ഇസ്​ലാമിക ഐക്യം വളർത്തിയെടുക്കുന്നതിൽ സൽമാൻ രാജാവ് വഹിക്കുന്ന പ്രധാന പങ്കിനെയും ഇസ്​ലാമിക രാഷ്്ട്രം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പ്രാദേശിക, അന്തർദേശീയ സമാധാനത്തിനായുള്ള ശ്രമങ്ങളിലും സൗദി അറേബ്യ നിർവഹിക്കുന്ന പങ്കിനെയും പാകിസ്​താൻ പ്രധാനമന്ത്രി പ്രശംസിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതി, പാകിസ്​താനിലെ വികസനത്തിൻെറ മുൻഗണനകൾ എന്നിവയുടെ വെളിച്ചത്തിൽ നിക്ഷേപ മേഖലകളും അവസരങ്ങളും പര്യവേക്ഷണം ചെയ്യുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സഹകരണത്തിൻെറ ഭാഗമായി സൈനിക, സുരക്ഷ രംഗങ്ങളിലുള്ള ബന്ധങ്ങൾ ഇരുവരും ഊട്ടിയുറപ്പിച്ചു.

തീവ്രവാദത്തെയും അക്രമത്തെയും നേരിടാനും വിഭാഗീയതയെ നിരാകരിക്കാനും അന്താരാഷ്​ട്ര സമാധാനവും സുരക്ഷയും കൈവരിക്കാനും ഇസ്​ലാമിക ലോകത്തിൻെറ സമഗ്രമായ ശ്രമത്തിൻെറ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. തീവ്രവാദ പ്രതിഭാസത്തെ ചെറുക്കുന്നതിനും അതിൻെറ എല്ലാ രൂപങ്ങളെയും പ്രതിച്ഛായകളെയും അതിൻെറ ഉറവിടം എന്തുതന്നെയായാലും നേരിടുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ തുടർച്ചയുടെ പ്രാധാന്യവും അവർ അടിവരയിട്ടു. സ്വതന്ത്ര രാഷ്​ട്രം സ്ഥാപിക്കുന്നതിനുള്ള ഫലസ്തീൻ ജനതയുടെ എല്ലാ നിയമാനുസൃത അവകാശങ്ങൾക്കും പൂർണ പിന്തുണ ഇരു രാജ്യങ്ങളും വീണ്ടും പ്രഖ്യാപിച്ചു.

സിറിയയിലെയും ലിബിയയിലെയും രാഷ്​ട്രീയ പരിഹാരങ്ങൾക്കുള്ള പിന്തുണയും ഇക്കാര്യത്തിൽ യു.എൻ പ്രതിനിധികൾ നടത്തിയ ശ്രമങ്ങളെയും ഇരുവരും എടുത്തുപറഞ്ഞു. യമൻ പ്രതിസന്ധിക്ക് സമഗ്രമായ ഒരു രാഷ്​ട്രീയ പരിഹാരത്തിലെത്താൻ ലക്ഷ്യമിടുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതിൻെറ പ്രാധാന്യം സ്ഥിരീകരിക്കുകയും ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളെ ഇരു കൂട്ടരും അപലപിക്കുകയും ചെയ്തു. യമനിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ പാക്​ പ്രധാനമന്ത്രി പ്രശംസിച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബ്നു സൽമാനും പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാനും ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ചർച്ചയിൽ 

എണ്ണ കയറ്റുമതിയുടെ സുരക്ഷയെക്കുറിച്ചും ലോകത്തിൻെറ ഊർജവിതരണത്തിൻെറ സ്ഥിരതയെക്കുറിച്ചും ഇരു രാജ്യങ്ങളും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സൗദി കിരീടാവകാശി ആരംഭിച്ച സൗദി അറേബ്യയുടെ 'സൗദി ഗ്രീൻ', 'മിഡിലീസ്​റ്റ്​ ഗ്രീൻ' എന്നീ പദ്ധതികളെ ഇംറാൻ ഖാനും 'ശുദ്ധവും ഹരിതവുമായ പാകിസ്​താൻ', '10 ബില്യൺ ട്രീ സൂനാമി' എന്നീ വിജയകരമായ പാകിസ്​താൻ സംരംഭങ്ങളെ സൗദി കിരീടാവകാശിയും സ്വാഗതം ചെയ്തു. കോവിഡ് മഹാമാരി മൂലമുണ്ടായ വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ വർഷം ഹജ്ജ് വിജയകരമായി സംഘടിപ്പിച്ച സൗദി അറേബ്യയുടെ ശ്രമങ്ങളെ പാകിസ്​താൻ പ്രധാനമന്ത്രി പ്രകീർത്തിച്ചു.

കൂടിക്കാഴ്ചയിൽ സൗദി ആഭ്യന്തരമന്ത്രി അബ്​ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ്, ഉപ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ല, മറ്റു സഹമന്ത്രിമാർ, മന്ത്രിസഭാംഗങ്ങൾ, ഉപദേശകർ, പാകിസ്​താനിൽനിന്നുള്ള പ്രതിനിധി സംഘം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Pakistan PM visits Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.