ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച 29 ലക്ഷത്തിലേറെ ലഹരി ഗുളികകൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

ജിദ്ദ: സൗദി അറേബ്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി കടത്താൻ ശ്രമിച്ച 2,916,180 ലഹരി ഗുളികകളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. തുറമുഖത്തെത്തിയ കപ്പൽ ചരക്കിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഒരു തരം ലഹരി വിഭാഗത്തിൽപെട്ട ഈ ലഹരി ഗുളികകൾ കണ്ടെത്തിയത്. നൂതന സുരക്ഷ സാങ്കേതികവിദ്യകളും കർശന പരിശോധനാ രീതികളും ഉപയോഗിച്ചാണ് ഇറക്കുമതി ചെയ്ത സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചിരുന്ന നിരോധിത വസ്തുക്കൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തതെന്ന് അതോറിറ്റി വക്താവ് അറിയിച്ചു.

ഈ ലഹരിമരുന്ന് ശേഖരം സ്വീകരിക്കാനെത്തിയ രണ്ടുപേരെ സംഭവസ്ഥലത്ത് വെച്ചുതന്നെ അധികൃതർ അറസ്റ്റ് ചെയ്തു. പിടിയിലായവരെ തുടർനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തിെൻറ അപകടങ്ങളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി രാജ്യത്തിെൻറ വിവിധ പ്രവേശന കവാടങ്ങളിൽ പഴുതടച്ചുള്ള പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി. ലഹരിക്കടത്തിന് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് രാജ്യം സ്വീകരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കള്ളക്കടത്തുമായി ബന്ധപ്പെട്ട സംശയാസ്പദ വിവരങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്‌ലൈൻ നമ്പറിലോ, 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. രാജ്യസുരക്ഷ മുൻനിർത്തി ഇറക്കുമതി-കയറ്റുമതി മേഖലകളിൽ ശക്തമായ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Over 2.9 million narcotic pills seized while trying to smuggle them through Jeddah port; two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.