റിയാദ്: മൂന്ന് കുട്ടികളും ഒരു യുവാവും വെള്ളക്കെട്ടുകളിൽ മുങ്ങിമരിക്കാനിടയായ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നജ്‌റാൻ ഗവർണറുടെ ഉത്തരവ്. നജ്റാന്റെ തെക്കുഭാഗത്തെ താർ, ഹബോണ എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് നാലുപേരുടെ ജീവൻ പൊലിഞ്ഞത്.
ഗവർണർ അമീർ ജലവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഈദ് ആണ് ദാരുണമായ സംഭവങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. മുങ്ങിമരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം ആരാഞ്ഞു.
താർ ഗവർണറേറ്റിലെ അൽറഹ്ബ വില്ലേജിൽ മൂന്നു കൂട്ടികൾ ഒരു ചതുപ്പിൽ നീന്തുന്നതിനിടെയാണ് മുങ്ങിത്താഴ്ന്നത്. മൂന്നുപേരും മരിച്ചതായും എല്ലാവരുടെയും മൃതദേഹങ്ങൾ വീണ്ടെടുത്തതായും സിവിൽ ഡിഫൻസ് ട്വീറ്റ് ചെയ്തു. ഹബോണ ഗവർണറേറ്റിലെ വാദി അർകാൻ വെള്ളക്കെട്ടിലാണ് യുവാവ് മുങ്ങിമരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അമീർ ജലവി അനുശോചനം അറിയിച്ചു.
നജ്‌റാൻ മേഖലയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥയും കനത്ത മഴയും സംബന്ധിച്ച് സിവിൽ ഡിഫൻസിന്റെ നിർദേശങ്ങളും മുന്നറിയിപ്പുകളും പ്രദേശവാസികൾ കർശനമായി പാലിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.