സൗദിയിൽ താൽക്കാലിക ജോലിക്കാരാവാൻ അവസരം, ഈ വർഷം 59,000 സീസണൽ വിസകൾ

മക്ക: ഈ വർഷം സൗദി അറേബ്യയിൽ താൽക്കാലിക ജോലികൾക്കായി വിദേശത്ത്​ നിന്ന്​ 59,000 പേരെ റിക്രൂട്ട്​ ചെയ്യുമെന്ന്​ മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് പലവിധ തൊഴിലാളികളെ താൽക്കാലികാടിസ്ഥാനത്തിൽ റിക്രൂട്ട്​ ചെയ്യാൻ 59,000 സീസണൽ വർക്ക്​ വിസകൾ അനുവദിക്കേണ്ടിവരുമെന്ന്​​ മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് ചേർന്ന വ്യവസായികളുടെ യോഗത്തിലാണ്​​ മന്ത്രി വെളിപ്പെടുത്തിയത്​.

ഹജ്ജ്, ഉംറ തുടങ്ങിയ പ്രത്യേക സീസണുകളിലാണ്​ ഇത്തരം റിക്രൂട്ട്​മെൻറുകൾ ആവശ്യമായി വരുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ വിവിധ ജോലികൾ ചെയ്യുന്ന കമ്പനികൾക്ക്​ താൽക്കാലികാടിസ്ഥാനത്തിൽ തൊഴിലാളികളെ ആവശ്യമായി വരും. സ്വദേശത്ത്​ നിന്ന്​ ലഭ്യമായില്ലെങ്കിൽ വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. അത്തരം സാഹചര്യത്തിൽ സീസണൽ വിസകൾ കമ്പനികൾക്ക്​ തങ്ങളുടെ ജോലി സുഗമമാക്കാൻ സഹായമായി മാറുമെന്നും മ​ന്ത്രി വിശദീകരിച്ചു. ഇങ്ങനെ വിദേശികളെ സീസണൽ വിസയിൽ റിക്രൂട്ട് ചെയ്യു​േമ്പാൾ തങ്ങളുടെ ജോലി ചെയ്യാൻ പ്രാപ്​തരായ ആളുകളാണോ എന്ന്​ ഉറപ്പുവരുത്തണം. മാത്രമല്ല ഇങ്ങനെ സീസണൽ വർക്ക്​ വിസയിൽ വരുന്നവർക്ക്​ ഹജ്ജ് ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ലെന്ന്​ പ്രത്യേകം ഓർക്കുകയും വേണം. ഹജ്ജ്​ ചെയ്യാൻ അനുവദിച്ചാൽ അത്​ ഗുരുതര നിയമലംഘനമാവും.

ഇത്തരം സീസണൽ ജോലികൾ ചെയ്യാൻ സ്വദേശി പൗരരെ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും കമ്പനികൾ ആലോചിക്കണം. കഴിവുകളും നൈപുണ്യവും വികസിപ്പിക്കുന്നതിന് സൗദി യുവതി യുവാക്കൾക്ക്​ പ്രായോഗിക പരിശീലനം നൽകേണ്ടതുണ്ട്​. അതിന്​ പറ്റിയ ജോലികളിൽ അവരെ നിയമിച്ചാൽ അവർ സ്വയം ശാക്തീകരിക്കപ്പെടുമെന്നും അതിനുള്ള അവസരങ്ങളും സംരംഭങ്ങളും ഉണ്ടാക്കാൻ കമ്പനികൾ ശ്രദ്ധിക്ക​ണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വാണിജ്യ മേഖലയിൽ, പ്രത്യേകിച്ച് ഹജ്ജ്, ഉംറ സീസണുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും മാനവ വിഭവ ശേഷി മന്ത്രാലയത്തിനും മക്ക ചേംബർ ഓഫ്​ കോമേഴ്​സിനും ഇടയിൽ പാലമായി ഒരു വർക്കിങ്​ ടീം രൂപവത്​കരിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരരുടെ എണ്ണം 17 ലക്ഷത്തിൽ നിന്ന് 23 ലക്ഷമായി ഉയർന്ന കാര്യം വ്യവസായികളുമായുള്ള സംഭാഷണത്തിനിടെ മന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ സ്ത്രീകളുടെ പ്രാതിനിധ്യം 17 ശതമാനത്തിൽ നിന്ന് 35.3 ശതമാനമായി ഉയരുകയും ചെയ്​തു. ‘വിഷൻ 2030’ മുന്നോട്ട്​ വെച്ച ലക്ഷ്യത്തേക്കാൾ 30 ശതമാനം കൂടുതലാണ്​ ഇത്​. തൊഴിൽ വിപണിയിൽ സൗദി വനിതകളുടെ കാര്യക്ഷമതയാണ് ഇത് തെളിയിക്കുന്നതെന്നും​ മന്ത്രി പറഞ്ഞു. വികസനം പ്രോത്സാഹിപ്പിക്കുന്നതിലും തൊഴിൽ വിപണി സംരംഭത്തെ പിന്തുണയ്ക്കുന്നതിലും സ്വകാര്യമേഖലയുടെ പിന്തുണയെ മന്ത്രി അഭിനന്ദിച്ചു.

Tags:    
News Summary - Opportunity to become a temporary worker in Saudi Arabia, 59,000 seasonal visas this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.