റിയാദിൽ ആരംഭിച്ച ‘ബൊളിവാർഡ് ഫ്ലവേഴ്സ്’ ഗാർഡനിലെ കാഴ്ചകൾ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പ പ്രദർശനങ്ങളിലൊന്നായ ‘ബൊളിവാർഡ് ഫ്ലവേഴ്സ്’ റിയാദിൽ സന്ദർശകർക്കായി വാതിൽ തുറന്നു. പ്രകൃതി സൗന്ദര്യവും അത്യാധുനിക കലയും വിനോദവും ഒത്തുചേരുന്ന ഈ വിസ്മയ ലോകം സന്ദർശകർക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നത്.
ഏകദേശം 2,14,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദർശന നഗരിയിൽ, പ്രധാന ഉദ്യാനം മാത്രം 94,000 ചതുരശ്ര മീറ്ററിലാണ് ഒരുക്കിയിരിക്കുന്നത്. അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് (ഫസ്റ്റ്) റോഡിൽ ‘ബൊളിവാർഡ് വേൾഡിന്’ എതിർവശത്തായാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
നൂറിലധികം ഇനങ്ങളിലും അമ്പതോളം വ്യത്യസ്ത നിറങ്ങളിലുമായി കോടിക്കണക്കിന് പൂക്കളും ചെടികളും ഇവിടെ സന്ദർശകരെ വരവേൽക്കുന്നു. 8,500 മീറ്ററിലധികം നീളത്തിലുള്ള കൃഷിത്തടങ്ങൾ പ്രദേശം മുഴുവൻ ഒരു പുഷ്പ കാൻവാസായി മാറ്റുന്നു. രണ്ടായിരത്തിലധികം വൈവിധ്യമാർന്ന ത്രിമാന ശിൽപങ്ങളാണ് ഇവിടെ കാഴ്ചയുടെ വിരുന്നൊരുക്കുന്നത്.
പ്രദർശനത്തിലെ ഏറ്റവും വലിയ പ്രത്യേകതയായി മാറുന്നത് മൂന്ന് ബോയിങ് 777 വിമാനങ്ങളാണ്. ഇതിൽ ഒരു വിമാനത്തെ പൂർണമായും പൂക്കൾ കൊണ്ട് പൊതിഞ്ഞ് അതിമനോഹരമായ കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുന്നു. കൂടാതെ, പൂക്കളാൽ തീർത്ത 25 ഫ്ലമിംഗോകൾ, 25 ഒട്ടകപ്പക്ഷികൾ, ആറ് കൂറ്റൻ പെലിക്കണുകൾ, മൂന്ന് മയിലുകൾ എന്നിവയ്‌ക്കൊപ്പം അഞ്ച് കൂറ്റൻ പുഷ്പ സുന്ദരികളും സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്.
കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിപുലമായ വിനോദ സംവിധാനങ്ങളാണ് ബൊളിവാർഡ് ഫ്ലവേഴ്സിൽ സജ്ജീകരിച്ചിരിക്കുന്നത്. തത്സമയ പ്രദർശനങ്ങൾ അരങ്ങേറുന്ന ഇൻട്രാക്ടീവ് തിയേറ്റർ, പക്ഷികളെ അടുത്തറിയാൻ സാധിക്കുന്ന ബേർഡ് പാർക്ക്, കുട്ടികളുടെ കളിസ്ഥലം, വാക്ക് ഓഫ് ഹാർട്ട്സ്, വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന ഫ്രൈഡേ മാർക്കറ്റ്, ക്ലാസിക് കാറുകളുടെ പ്രദർശനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
40-ലധികം ഭക്ഷണശാലകളും കിയോസ്ക്കുകളും ഒരു പ്രധാന റെസ്റ്റോറൻറും കൂടാതെ നഗരകാഴ്ചകൾ ആസ്വദിക്കാൻ വ്യൂ ടവറും ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ യാത്ര സുഗമമാക്കാൻ ഗോൾഫ് കാറുകളുടെ സേവനവും ലഭ്യമാണ്. രാത്രികാലങ്ങളിൽ ദീപാലങ്കാരങ്ങളാലും സംഗീതത്താലും മുഖരിതമായ അന്തരീക്ഷത്തിൽ എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 12 വരെ സന്ദർശകർക്ക് പുഷ്പമേള ആസ്വദിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.