ഓൺലൈൻ തട്ടിപ്പ്; മൂന്ന് മലയാളി നഴ്സുമാർക്ക് നഷ്ടമായത് ലക്ഷത്തിലേറെ റിയാൽ

ദമ്മാം: അതിവിദഗ്ധ കെണികളൊരുക്കി പ്രവാസികൾക്കിടയിൽ ഓൺലൈൺ തട്ടിപ്പ് സംഘങ്ങൾ വിലസുന്നു. ദമ്മാമിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്സുമാർക്ക് ഒരു ദിവസം നഷ്ടമായത് ലക്ഷത്തിലധികം റിയാലാണ്.

മൂന്നുപേരെയും ഏതാണ്ട് ഓരേ സമയത്ത് സമാനരീതിയിലാണ് തട്ടിപ്പിനിരയാക്കിയത്. ഇവരുടെ അക്കൗണ്ടുകളിൽ പണമുണ്ടെന്ന അറിവ് തട്ടിപ്പുകാർക്കുണ്ടെന്ന് തോന്നുന്ന രീതിയിലാണ് ഇതിന്‍റെ ആസൂത്രണം. നാട്ടിലെ ചില ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്ന് ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ട് ദിവസം കഴിഞ്ഞാണ് ഇവർക്ക് ഒരു ഫോൺ വന്നത്. അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇത് നിങ്ങളുടെ പേരിലുള്ളതല്ലേ എന്നായിരുന്നു ആദ്യത്തെ ചോദ്യം.

തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്ന് വിശ്വസിച്ചുപോയ ഇവർ അതേയെന്ന് ഉത്തരം നൽകി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനുട്ടിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റ് രണ്ട് പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്​.

ആ അക്കൗണ്ടിൽ നിന്ന് നിമിഷം നേരം കൊണ്ട് മറ്റൊരു രാജ്യത്തുള്ള അക്കൗണ്ടിലേക്ക് പണം മാറ്റുകയും ചെയ്തു. നഴ്​സുമാർ പൊലീസിലും ബാങ്കിലും നൽകിയ പരാതിയിൽ അന്വേഷണം തുടരുകയാണ്. പ്രാദേശിക ബാങ്കുകളിലേക്കാണ്​ മാറ്റിയിരുന്നെങ്കിൽ പണം കണ്ടെത്തി തിരികെയെത്തിക്കാൻ കഴിയുമായിരുന്നുവെന്നും വിദേശത്തേക്ക് മാറ്റിയതിനാൽ ആ സാധ്യതയില്ലാ​തായെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

ഓൺലൈൻ പർച്ചേസ്​ നടത്തുമ്പോൾ നൽകുന്ന അക്കൗണ്ട് വിവരങ്ങളാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കി ഉപയോഗപ്പെടുത്തുന്നതത്രെ. ബാങ്കുകളിൽ നിന്ന് ഒരു കാരണവശാലും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്ന്​ ആവർത്തിച്ച്​ വ്യക്തമാക്കിയിട്ടുള്ളതാണ്​. ഇക്കാര്യം ഇടപാടുകാരെ ബോധവത്​കരിക്കുന്നതുമാണ്​. എന്നാൽ രാത്രി ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തിയ നഴ്സുമാർ ഉറങ്ങാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പെത്തിയ ഫോൺ വിളികളിൽ അറിയാതെ പെട്ടുപോവുകയായിരുന്നു.

ഒ.ടി.പി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനുട്ട്​ സമയത്തിനുള്ളിൽ അതിലെത്തിയ ഒ.ടി.പി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലുടെ കൈക്കലാക്കിയെന്നാണ്​ സംശയിക്കുന്നത്​. അതിന്​ എന്തെങ്കിലും സാ​ങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടാവണം. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് 'ഗൾഫ് മാധ്യമം' നിരവധി തവണ ബോധവത്കരണ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാങ്കുകളുടെ ലോഗോ പ്രൊഫൈൽ ചിത്രമാക്കിയാണ്​ തട്ടിപ്പുകാരുടെ വിളി. ഇത് സാധാരണക്കാരെ കെണിയിൽ പെടുത്തും.

Tags:    
News Summary - Online fraud; Three Malayalee nurses lost more than one lakh riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.