എണ്ണ 27 മാസത്തിന് ശേഷം ഏറ്റവും ഉയർന്ന വിലയിൽ

റിയാദ്: എണ്ണ അന്താരാഷ്​ട്ര വിപണിയില്‍ 2015 ജൂലൈക്ക് ശേഷമുള്ള ഏറ്റവും കൂടിയ വില കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ക്രൂഡ് ഓയിലിന് ബാരലിന് 60 ഡോളര്‍ കടന്നതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാ​​​െൻറ പുതിയ പദ്ധതി പ്രഖ്യാപനങ്ങള്‍ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ഉണര്‍വ് എണ്ണ വില ഉയരാന്‍ കാരണമായിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വിലയിരുത്തി.

പെട്രോളിയം മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ മറികടക്കുമെന്നും ഒപെകിന് അകത്തും പുറത്തുമുള്ള രാജ്യങ്ങളുമായി സഹകരിച്ച്​ എണ്ണ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച്​ നടപ്പാക്കുമെന്നും ആഗോള നിക്ഷേപക സമ്മേളനത്തില്‍ കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. ഭൂരിപക്ഷം വന്‍ രാജ്യങ്ങളുമായി സൗദിക്ക് എണ്ണ വിപണന രംഗത്ത് കരാര്‍ നിലവിലുണ്ട്. പുതിയ പദ്ധതികള്‍ രൂപപ്പെടാന്‍ ഈ കരാറുകള്‍ ഉപകരിക്കും. എണ്ണയെ മാത്രം അവലംബിച്ചുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ അവസാനിപ്പിച്ച് സോളാര്‍ പദ്ധതികളുടെ തുടക്കവും ഇന്ധന ആവശ്യത്തിനുള്ള എണ്ണയുടെ വിലയില്‍ ഉണര്‍വ് സൃഷ്​ടിച്ചിട്ടുണ്ട്.

എണ്ണ വില കഴിഞ്ഞ ദിവസം മാത്രം 1.59 സ​​െൻറ്​ കൂടിയപ്പോള്‍ ബ്രിൻറ്​ ക്രൂഡ് ഓയിലിന് 60.24 ഡോളര്‍ നിരക്കിലാണ് വില്‍പന ഇടപാട് നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യ ഉള്‍പ്പെടെ ഒപെകിന് പുറത്തുള്ള പത്ത് രാജ്യങ്ങളുമായി ചേര്‍ന്ന് ഉല്‍പാദന നിയന്ത്രണം നീട്ടാനുള്ള  തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ എണ്ണ വില വീണ്ടും കൂടിയേക്കുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് രാജ്യങ്ങളില്‍ ബജറ്റ് രൂപവത്​കരണത്തിന് തയാറാക്കുന്ന വേളയിലുണ്ടായ വില വര്‍ധനവ് സാമ്പത്തിക മേഖലക്ക് പുതിയ ഉണര്‍വ് നല്‍കുന്നതാണ്.
Tags:    
News Summary - oil saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.