യാംബു: സൗദിയിൽ 2020ൽ പ്രാദേശിക തൊഴിൽ മേഖലയിൽ 74,000 സൗദികൾ പുതുതായി ചേർന്നതായും ഇതിൽ 51,000 പേർ സൗദി വനിതകളാണെന്നും റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം കണക്കുകൾ നിരത്തി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം19 തൊഴിൽ മേഖലയിൽ പ്രവേശിച്ച മൊത്തം സൗദികളുടെ എണ്ണം 93,117 ആണ്.എന്നാൽ ഈ ജോലിക്കാരിൽനിന്ന് പിന്നീട് 19,350 പേർ തൊഴിൽ ഉപേക്ഷിച്ച് പുറത്തുപോയതായും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മുതൽ ജോലിയിൽ തുടരുന്ന സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും മൊത്തം എണ്ണം 73,767 ആയി.2020ൽ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങിയ സൗദികൾ 15,725 ആണ്.
പ്രാദേശിക പത്രങ്ങളായ ഉക്കാദ്, സൗദി ഗസറ്റ് എന്നിവ നടത്തിയ അന്വേഷണ റിപ്പോർട്ടുകളിൽ സൗദികളായ 14,868 സ്ത്രീ പുരുഷന്മാർ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റിവ്, സപ്പോർട്ട് സേവന മേഖലയിലാണ് ഉദ്യോഗം നേടിയത് എന്നാണ്. പാർപ്പിട, ഭക്ഷ്യ സേവന മേഖലയിൽ ചേർന്ന സൗദികളുടെ എണ്ണം 13,249 ആണ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഡിഫൻസ്, സോഷ്യൽ ഇൻഷുറൻസ് മേഖലയിലുള്ളവരുടെ എണ്ണം 13,196 ആണ്. 11,574 പേർ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവരാണ്.2020ൽ തൊഴിലുകളിൽ പ്രവേശിച്ചത് ഭൂരിഭാഗവും സൗദി വനിതകളാണ്. 51,009 സ്ത്രീകൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചപ്പോൾ പുരുഷന്മാരുടെ എണ്ണം 22,758 ആണ്.
സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മേഖല അഡ്മിനിസ്ട്രേറ്റിവ്, സപ്പോർട്ട് സർവിസ് മേഖലയാണ്. ജീവനക്കാരുടെ എണ്ണത്തിൽ 10,284 സ്ത്രീകൾ വർധിച്ചതായും കണക്കുകൾ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൊത്ത, ചില്ലറ വ്യാപാര മേഖലയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുടെ മേഖലകളിലും 9,007 സ്ത്രീകൾ ചേർന്നു. 7,872 പേരെ നിർമാണ മേഖലയിലും 6,662 സൗദി വനിതകളെ വ്യവസായ മേഖലയിലും നിയമിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
10,475 പൗരന്മാരുള്ള പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഡിഫൻസ്, സാമൂഹിക ഇൻഷുറൻസ് മേഖലയാണ് സൗദി പുരുഷന്മാർ ചേർന്ന ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ മേഖല. അതിനു പിറകെ 4,912 പേർ ഗതാഗത മേഖലയിലും 4,465 പേർ സാമൂഹിക സേവന മേഖലയിലും 4,349 പേർ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.