റിയാദ്: 1951 മുതൽ 2023 വരെയുള്ള 73 വർഷത്തെ കാലാവസ്ഥ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പദ്ധതി റീജനൽ ക്ലൈമറ്റ് ചേഞ്ച് സെന്റർ ആരംഭിച്ചു. ശാസ്ത്രീയ ഗവേഷണം, പരിസ്ഥിതി ആസൂത്രണം, ഡേറ്റാധിഷ്ഠിത തീരുമാനമെടുക്കൽ എന്നിവയിൽ ഡേറ്റ കൃത്യത, പ്രവേശനക്ഷമത, ഉപയോഗം എന്നിവ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
സൗദിയിലുടനീളമുള്ള 33 കാലാവസ്ഥ കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റ ഉൾക്കൊള്ളുന്ന പദ്ധതിയുടെ പുരോഗതി കാലാവസ്ഥ ദേശീയ കേന്ദ്രം സി.ഇ.ഒയും റീജനൽ ക്ലൈമറ്റ് ചേഞ്ച് സെന്ററിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അയ്മൻ ഗുലാം വിശദീകരിച്ചു. 73 ജീവനക്കാരുടെ ഒരു സംഘത്തിന്റെ സഹായത്തോടെ 36,000 ചരിത്ര രേഖകൾ ഡിജിറ്റൈസ് ചെയ്യുക, ഏറ്റവും പുതിയ ശാസ്ത്രീയ സാങ്കേതിക മാനദണ്ഡങ്ങൾ ഉപയോഗിച്ച് പേപ്പർ ആർക്കൈവുകളെ ഡാറ്റാബേസിന് അനുയോജ്യമായ ഡിജിറ്റൽ പകർപ്പുകളാക്കി മാറ്റുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. പേപ്പർ രേഖകൾ തരംതിരിക്കുകയും വിലയിരുത്തുകയും ചെയ്യുക, ഡേറ്റ ഡിജിറ്റൈസ് ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്യുക, കൃത്യതക്കായി എൻട്രികൾ ഓഡിറ്റ് ചെയ്യുക, പ്രത്യേക ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ച് കാലാവസ്ഥ ഗുണനിലവാര പരിശോധനകൾ നടത്തുക, പരിശീലന പരിപാടികളിലൂടെയും സാങ്കേതിക വർക്ഷോപ്പുകളിലൂടെയും മനുഷ്യശേഷി വർധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. കാലാവസ്ഥ നിരീക്ഷണത്തിനും പ്രവചനത്തിനുമുള്ള ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സുരക്ഷയെയും സുസ്ഥിര വികസനത്തെയും പിന്തുണക്കുന്നതിലൂടെ കാലാവസ്ഥ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള തന്ത്രപരമായ ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് കേന്ദ്രം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.