പാർക്കുകൾ നിർമിക്കുന്നതിനുള്ള കരാറിൽ റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന വിഭാഗമായ ‘റീമത്ത് റിയാദ്’ അധികൃതരും ‘അർസാൻ’ കമ്പനി പ്രതിനിധിയും ഒപ്പിട്ടപ്പോൾ
റിയാദ്: തലസ്ഥാന നഗരിയിലെ തിരക്കേറിയ 11 കേന്ദ്രങ്ങളിൽ അത്യാധുനിക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന വിഭാഗമായ ‘റീമത്ത് റിയാദ്’, ‘അർസാൻ’ കമ്പനിയുമായി രണ്ട് പ്രധാന കരാറുകളിൽ ഒപ്പുവെച്ചു. നഗരത്തിലെ പൊതുസൗകര്യങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനുമായാണ് ഈ നീക്കം.
‘റിയാദ് പാർക്കിങ്’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ കരാറിലൂടെ ഇനി പറയുന്ന ലക്ഷ്യങ്ങളാണ് അധികൃതർ വിഭാവനം ചെയ്യുന്നത്. നഗരസൗന്ദര്യം വർദ്ധിപ്പിക്കുക, അശാസ്ത്രീയമായ പാർക്കിങ് രീതികൾക്ക് തടയിടുക, ജനസാന്ദ്രതയേറിയ ഇടങ്ങളിൽ കൂടുതൽ പാർക്കിങ് ഇടങ്ങൾ ലഭ്യമാക്കുക, യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
റിയാദിലെ ഏറ്റവും തിരക്കേറിയ നാല് പ്രധാന ഡിസ്ട്രിക്റ്റുകളിലാണ് ഈ 11 പാർക്കിങ് കേന്ദ്രങ്ങൾ വരുന്നത്. അൽ മുറബ്ബ, അൽ മലഖ, അൽ യാസ്മിൻ, അൽ മുറൂജ് എന്നീ ഡിസ്ട്രിക്റ്റുകളിലാണ് പാർക്കുകൾ നിർമിക്കുന്നത്. ഈ സ്ഥലങ്ങളിൽ പാർക്കുകളുടെ നിർമാണം, നിർവഹണം, നടത്തിപ്പ്, അറ്റകുറ്റപ്പണികൾ എന്നിവ കരാർ പ്രകാരം അർസാൻ കമ്പനിക്കാണ്.
പുതിയ പാർക്കിങ് കേന്ദ്രങ്ങളുടെ മൊത്തം വിസ്തീർണം 20,500 ചതുരശ്ര മീറ്ററിലധികം വരുമെന്ന് റീമത്ത് റിയാദ് സി.ഇ.ഒ അബ്ദുല്ല അബുദാവൂദ് വ്യക്തമാക്കി. അത്യാധുനിക ഡിസൈനുകളോടെ നിർമിക്കുന്ന ഈ പാർക്കിങ് ഇടങ്ങൾ സുഗമമായ ഗതാഗതത്തിനും എളുപ്പത്തിലുള്ള പാർക്കിങ്ങിനും മുൻഗണന നൽകുന്നവയാണ്.
നേരത്തെ മെട്രോ സ്റ്റേഷനുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമീപമുള്ള 18 പ്രധാന ഇടങ്ങളിൽ പാർക്കിങ് വികസിപ്പിക്കാൻ കമ്പനി കരാറുകൾ നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പുതിയ പദ്ധതി. ഭാവിയിൽ 270-ലധികം ലൊക്കേഷനുകളിലായി ഒരു കോടിയിലധികം വാഹനങ്ങൾക്ക് സേവനം നൽകാവുന്ന രീതിയിൽ ഈ സൗകര്യങ്ങൾ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സൗദി വിഷൻ 2030-ന്‍റെ ഭാഗമായി റിയാദിനെ ലോകോത്തര നഗരമാക്കി മാറ്റുന്നതിനും സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനുമുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിന്‍റെ മികച്ച ഉദാഹരണമായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.