ജിദ്ദ: ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പരീക്ഷണാടിസ്ഥാടനത്തിൽ പ്രവർത്തനമാരംഭിച്ചു. അൽഖുറയ്യാത്തിൽ നിന്നുള്ള ആദ്യ വിമാനമാണ് ആദ്യമായി ഇറങ്ങിയത്. ഇൗ വിമാനം പിന്നീട് അൽ ഖുറയ്യാത്തിലേക്ക് തന്നെ യാത്രക്കാരുമായി മടങ്ങി. ആദ്യ വിമാനത്തിലെത്തിയവരെ സ്വീകരിക്കാനും യാത്ര അയക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരും വിമാനത്താവള ജോലിക്കാരുമുണ്ടായിരുന്നു.
ഉപഹാരങ്ങൾ നൽകിയാണ് യാത്രക്കാരെ സ്വീകരിച്ചതും യാത്ര അയച്ചതും. യാത്രക്കാർക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിൽ പൂർത്തിയാക്കിയിരുന്നു. സൗദി എയർലൈൻസിന് കീഴിൽ ഏകദേശം 200 ഉദ്യോഗസ്ഥരെ ഒരുക്കിയിരുന്നു. ഗ്രൗണ്ട് സർവീസിന് കീഴിലെ കമ്പനികളും ആവശ്യമായ ആളുകളെ ഒരുക്കിയിരുന്നു. ആറ് ഗേറ്റുകളാണ് തുടക്കത്തിൽ പ്രവർത്തിപ്പിക്കുന്നത്.
വിഷൻ 2030 ലക്ഷ്യമിട്ടാണ് പുതിയ ജിദ്ദ വിമാനത്താവള പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ ഹഖീം മുഹമ്മദ് തമീം പറഞ്ഞു. വിമാനത്താവളം പൂർണമായും പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് എല്ലാ സംവിധാനങ്ങളും കുറ്റമറ്റതാണെന്ന് പരീക്ഷണത്തിനിടെ ഉറപ്പുവരുത്തും. ആദ്യ പരീക്ഷണഘട്ടമാണിപ്പോൾ. രണ്ടാംഘട്ടം ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ്.
ഇൗ കാലയളവിൽ കൂടുതൽ ആഭ്യന്തര സർവീസുകളെ സ്വീകരിക്കും. നവംബർ മുതൽ ഡിസംബർ വരെയാണ് മൂന്നാംഘട്ടം. ഇൗ ഘട്ടത്തിൽ മുഴുവൻ ആഭ്യന്തര വിമാനങ്ങളെയും സ്വീകരിക്കും.
2019 ജനുവരി മുതൽ മാർച്ച് വരെയുള്ള അവസാന ഘട്ടത്തിൽ 46 കവാടങ്ങളിലൂടെയും ആഭ്യന്തര വിദേശ വിമാനങ്ങളെ സ്വീകരിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പറഞ്ഞു.
പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതിൽ പങ്കാളികളായ എല്ലാ വകുപ്പുകൾക്കും വ്യക്തികൾക്കും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി നന്ദി പറഞ്ഞു.
വിമാനത്താവളത്തിെൻറ നിർമാണം പൂർത്തിയാകുന്നതോടെ വർഷത്തിൽ 100 ദശലക്ഷം യാത്രക്കാർ സ്വീകരിക്കാൻ കഴിയും.
ഏറ്റവും വലിയ വിമാനങ്ങളെ വരെ സ്വീകരിക്കാൻ പാകത്തിൽ നൂതനമായ സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.