മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് ഇബ്രാഹീം മുണ്ടേരി റിയാദിൽ കണ്ണൂർ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുന്നു
റിയാദ്: കെട്ടിട നിർമാണ നികുതി കുത്തനെ വർധിപ്പിച്ചത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രവാസികളെയാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് ഇബ്രാഹീം മുണ്ടേരി ആരോപിച്ചു. വർഷങ്ങളോളം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് നാട്ടിൽ സ്വന്തമായി വീട് നിർമിക്കാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കനത്ത ബാധ്യതയാണ് പിണറായി സർക്കാർ പ്രഖ്യാപിച്ച കെട്ടിട നിർമാണ നികുതി വർധനയെന്നും റിയാദിൽ കണ്ണൂർ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സിമൻറ്, കമ്പി അടക്കമുള്ള കെട്ടിട നിർമാണ വസ്തുക്കളുടെ കുതിച്ചുയരുന്ന വിലവർധന കാരണം കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വലിയ പ്രഹരമാണ് നികുതി വർധന. കെ.എം.സി.സി അടക്കമുള്ള ജീവകാരുണ്യ സംഘടനകൾ നിർധന കുടുംബങ്ങൾക്ക് നിർമിച്ചു നൽകിവരുന്ന ബൈത്തുറഹ്മകൾ, സി.എച്ച് സെൻറർ പോലുള്ള ആതുര സേവനകേന്ദ്രങ്ങളെ അടക്കം സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വീകരണ യോഗത്തിൽ അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു.
വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം വൈസ് പ്രസിഡൻറ് ഹാരിസ് ചാത്തോത്ത്, യു.പി. മുസ്തഫ, എൻ.സി. മുഹമ്മദ്, ടി.കെ. ശരീഫ്, മുസ്തഫ പാപ്പിനിശ്ശേരി, ലിയാഖത് കരിയാടൻ, മുഹമ്മദ് ശബാബ്, അഷ്റഫ് തിട്ടയിൽ എന്നിവർ സംസാരിച്ചു. പി.ടി.പി. മുക്താർ സ്വാഗതവും ഹുസൈൻ കുപ്പം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.