വിപണി നിറഞ്ഞ് മണ്‍പാത്രങ്ങള്‍: ലക്ഷ്യം തീന്മേശകളിലേക്കുള്ള തിരിച്ചുവരവ്

ദുബൈ: നോൺസ്​റ്റിക്കും ലോഹപാത്രങ്ങളും നിരന്നുനില്‍ക്കുന്ന തീന്മേശയിലേക്ക് തിരികെയെത്തുകയാണ് മണ്‍പാത്രങ്ങള്‍. പഴഞ്ചനെന്ന് കരുതി അടുക്കളയിലെ തട്ടിന്‍പുറങ്ങളില്‍ ഉപേക്ഷിച്ച കളിമണ്‍ പാത്രങ്ങളുടെ പിറകെയാണ് ഇപ്പോള്‍ മറുനാടും. മാറിയ ജീവിതശൈലി തീര്‍ക്കുന്ന പ്രതിസന്ധികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമൊപ്പം മാഹാമാരി വിതച്ച ആശങ്കകളും കൂടിയായതോടെ മണ്‍പാത്രങ്ങള്‍ക്കും കളിമണ്ണുകൊണ്ട്​ നിര്‍മിച്ച മറ്റു വീട്ടുപകരണങ്ങള്‍ക്കും ആവശ്യക്കാരേറിയതായി ഈ രംഗത്തെ വ്യാപാരികള്‍ പറയുന്നു. വിദേശികളും ഇതേറ്റെടുത്തതോടെ നാടന്‍ മണ്‍പാത്രങ്ങള്‍ കടല്‍കടന്ന് അമേരിക്കയിലേക്കും യാത്ര തുടങ്ങിയതായി ഇവർ പറയുന്നു.

വലിയൊരു വിഭാഗം പ്രവാസി കുടുംബങ്ങള്‍ അടുക്കളകളില്‍ മണ്‍പാത്രങ്ങള്‍ക്ക് സ്ഥാനമൊരുക്കിക്കഴിഞ്ഞു. ഇത്​ തിരിച്ചറിഞ്ഞ്​ മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും സൂക്കുകളിലും മണ്‍പാത്രങ്ങളുടെ പ്രത്യേക കൗണ്ടറുകളും വന്നുതുടങ്ങി. ആരോഗ്യസംരക്ഷണം മാത്രമല്ല, സ്വാദും മറ്റൊരു ഘടകമാണ്. പോഷകഗുണങ്ങള്‍ നഷ്​ടപ്പെടാതെയുള്ള പാചകം മുതല്‍ കലര്‍പ്പില്ലാത്ത തനിസ്വാദ് വരെ നീളുന്നു മണ്‍പാത്രങ്ങളിലെ പാചകപ്പെരുമ. കേവലം കറിച്ചട്ടികളില്‍ മാത്രമൊതുങ്ങുന്നില്ല മണ്‍പാത്ര ഇഷ്​ടം. അരിക്കലം, ഉരുളിച്ചട്ടി, ഫ്രൈ പാന്‍, ബിരിയാണി പോട്ട്, തോരന്‍ പോട്ട് തുടങ്ങി മണ്‍കൂജ വരെ മണ്‍പാത്രങ്ങളുടെ വലിയ നിരതന്നെയാണ് പാരമ്പര്യരീതിയിലുള്ള പാചകത്തിനായി വിപണിയിലിടം പിടിച്ചത്.

മാഹാമാരിയെ മറികടന്ന് മികവുറ്റ ജീവിതരീതിയിലേക്ക് മാറിയവരെ പിന്തുണക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി അവര്‍ക്ക് ഉറപ്പുവരുത്താനും ഓല്‍സെന്‍മാര്‍ക്ക് വിപണിയിലെത്തിച്ച മണ്‍പാത്രങ്ങള്‍ ശ്രദ്ധ നേടി. വ്യത്യസ്ത വലുപ്പത്തിലും വിവിധ ശ്രേണികളിലുമുള്ള ശേഖരമാണ് മികച്ച ജീവിതശൈലി പിന്തുടരുന്നവര്‍ക്കായി ഓല്‍സെന്‍മാര്‍ക്ക് യു.എ.ഇയിലുടനീളം വിപണിയിലെത്തിച്ചിരിക്കുന്നത്. കലര്‍പ്പില്ലാത്ത കളിമണ്ണും ഉപയോഗിച്ച് ജൈവികമായി നിര്‍മിച്ച നാടന്‍ മണ്‍പാത്രങ്ങളാണ് ഉപഭോക്താക്കള്‍ക്കായി കടല്‍കടന്നെത്തിയത്.

കറിച്ചട്ടി മുതല്‍ ബിരിയാണി വിളമ്പുന്ന പോട്ട് വരെ യു.എ.ഇയിലെ പ്രധാന ഷോപ്പിങ്​ മാളുകള്‍, ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സൂക്കുകള്‍ എന്നിവിടങ്ങളില്‍നിന്ന് തിരഞ്ഞെടുക്കാനാകും. ഗൃഹോപകരണ നിര്‍മാണ രംഗത്ത് പതിറ്റാണ്ട് പിന്നിടുന്ന ഓല്‍സെന്‍മാര്‍ക്ക് പരിസ്ഥിതിസൗഹൃദ ഉൽപന്നങ്ങളെ കൂടുതലായി പുറത്തിറക്കുന്നതി​െൻറ മുന്നോടിയായാണ് മണ്‍പാത്രങ്ങള്‍ വിപണിയിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.