റിയാദ്/ദമ്മാം: അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയിലെ വാണിജ്യ വ്യവസായ രംഗത്തെ നവീന പ്രവണതകൾ ചർച്ചചെയ്യുന്ന 'മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ്' ഇന്ന് കിഴക്കൻ പ്രവിശ്യയിലെ അൽഖോബാർ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും നാളെ റിയാദിലെ ഹോട്ടൽ വോക്കോയിലും ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ആരംഭിക്കും. ബിസിനസ് സമൂഹത്തെ ബന്ധിപ്പിക്കാനും പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും രൂപകൽപന ചെയ്ത ബിസിനസ് ഇവന്റാണ് ഫ്യൂച്ചർ സമ്മിറ്റ് 2025.
ഹുസൈൻ അൽ ശമ്മാരി, ഡോ. സിദ്ദീഖ് അഹമ്മദ്, റഹീം പട്ടർകടവൻ, വി.കെ. നദീർ, മുഹമ്മദ് ഹാരിസ്, മുഷ്ത്താഖ് അഹമദ്,നിഷാദ് റാവുത്തർ, അർഫാസ് ഇഖ്ബാൽ
ഉൾക്കാഴ്ചയുള്ള സെഷനുകൾ, വിദഗ്ധർ നയിക്കുന്ന ചർച്ചകൾ, നെറ്റ്വർക്കിങ് അവസരങ്ങൾ, മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡുകൾ എന്നിവ ഉച്ചകോടിയിലെ പ്രധാന ഇനങ്ങളായിരിക്കും.കാലത്തിന്റെ വേഗത്തിനനുസരിച്ച് ബിസിനസിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചായിരിക്കും പ്രധാന ചർച്ച. ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന 35 വയസ്സിൽ താഴെയുള്ള സൗദി യുവതയുടെ അഭിരുചികൾ മനസ്സിലാക്കി തങ്ങളുടെ വാണിജ്യ തന്ത്രങ്ങൾ രൂപപ്പെടുത്തുവാനും രാജ്യത്തിന്റെ വളർച്ചക്കനുസരിച്ച് ബ്രാൻഡുകൾ വികസിപ്പിക്കുവാനും ഈ ഉച്ചകോടി വഴികാണിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ് പോലെയുള്ള അതിനൂതന സങ്കേതങ്ങൾ പ്രയോഗവൽക്കരിക്കുവാനുള്ള സൂക്ഷ്മമായ മാർഗനിർദ്ദേശങ്ങളും ഉച്ചകോടി മുന്നോട്ടു വെക്കുന്നു.
റിയാസ് ഹക്കീം, ജാബിർ അബ്ദുൽ വഹാബ്, ഉമർ അബ്ദുസ്സലാം, മുഹമ്മദ് ആഷിഫ് തുടങ്ങിയ പ്രശസ്തർ നയിക്കുന്ന പരിശീലന സെഷനുകളും വ്യവസായ പ്രമുഖരായ നുവൈസ് ചേനങ്ങാടൻ, എ.കെ ഫൈസൽ, ശംസുദ്ദീൻ നെല്ലറ എന്നിവരുടെ വിജയഗാഥകളും മറ്റ് അതിഥികളായ ഇറോം ഹോൾഡിങ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദ്, എത്തിക് ഫിൻ സി.എ.ഒ വി.കെ. നദീർ, റഹീം പട്ടർകടവൻ (റാകോ ഹോൾഡിങ്) എന്നിവരുടെ സാന്നിധ്യവും മീഡിയവൺ ഉച്ചകോടിയെ സമ്പന്നമാക്കും.
മീഡിയവൺ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ മോഡറേറ്ററും അർഫാസ് ഇഖ്ബാൽ അവതാരകനുമായിരിക്കും. ഹുസൈൻ അൽ ശമ്മാരി (സൗദി അറേബ്യ), മീഡിയവൺ സി.ഇ.ഒ മുഷ്ത്താഖ് അഹ്മദ്, ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ്, ഗൾഫ് മാധ്യമം മീഡിയവൺ കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ എന്നിവരും പരിപാടിയിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.