എം.ബി.സി ആസ്ഥാനം ദറഇയ മീഡിയ ഡിസ്ട്രിക്റ്റിലേക്ക്
മാറ്റുന്നതിനുള്ള ഭൂമി കൈമാറ്റ കരാർ ദറഇയ ഗേറ്റ്
ഡെവലപ്മെന്റ് കമ്പനിയുമായി ഒപ്പിടുന്നു
റിയാദ്: പശ്ചിമേഷ്യയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ എം.ബി.സി ആസ്ഥാനം റിയാദിലെ ദറഇയ മീഡിയ ഡിസ്ട്രിക്റ്റിലേക്ക് മാറ്റുന്നു. ഇതിനായി ദറഇയ ഗേറ്റ് ഡെവലപ്മെന്റ് കമ്പനിയും എം.ബി.സി ഗ്രൂപ്പും പുതിയ ആസ്ഥാനം നിർമിക്കുന്നതിനുള്ള ഭൂമി കൈമാറ്റ കരാറിൽ ഒപ്പുവെച്ചു. ദറഇയ പദ്ധതിക്കുള്ളിൽ നിർമിക്കുന്ന എം.ബി.സി ഗ്രൂപ്പിന്റെ പുതിയ ആസ്ഥാനം മാധ്യമ നവീകരണത്തിന്റെയും ഉള്ളടക്ക നിർമാണത്തിന്റെയും ലോകോത്തര വിനോദ പരിപാടികളുടെ അവതരണത്തിന്റെയും മുൻനിര കേന്ദ്രമായി മാറും.
എം.ബി.സിയുടെ വിവിധ ഓഫിസുകൾ, അഡ്വാൻസ്ഡ് ഫിലിം സ്റ്റുഡിയോകൾ, സന്ദർശകർക്ക് സവിശേഷമായ അനുഭവങ്ങൾ നൽകുന്ന ഒരു സംവേദനാത്മക കേന്ദ്രം എന്നിവയാണ് ആസ്ഥാനത്തെ കെട്ടിടസമുച്ചയത്തിലുണ്ടാവുക. സമഗ്രമായ ഒരു ബിസിനസ് വികസന കരാറിന് കീഴിൽ ഈ സ്ഥലം വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ദറഇയ ഗേറ്റ് ഡെവലപ്മെന്റ് കമ്പനിക്കാണ്. പ്രധാന സ്ഥാപനങ്ങൾക്ക് ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദറഇയയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെ ഈ നടപടി പ്രതിഫലിപ്പിക്കുന്നതാണ് ഇൗ നടപടി.
കൂടാതെ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഇരു കക്ഷികളുടെയും പ്രതിബദ്ധതയെ സ്ഥിരീകരിക്കുകയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഒരു പ്രമുഖ മാധ്യമ, സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ ദറഇയയുടെ സ്ഥാനം വർധിപ്പിക്കുകയും ചെയ്യുന്നു. സാമ്പത്തികവും വിനോദസഞ്ചാരപരവും സൃഷ്ടിപരവുമായ പ്രവർത്തനങ്ങൾക്കുള്ള ഒരു പുതിയ ആഗോള കേന്ദ്രമെന്ന നിലയിൽ ദറഇയയെ മാറ്റുന്നതിനുള്ള തന്ത്രപരമായ ചുവടുവെപ്പാണ് എം.ബി.സി ഗ്രൂപ്പുമായുള്ള ഈ പങ്കാളിത്തമെന്ന് ടൂറിസം മന്ത്രിയും ദറഇയ ഗേറ്റ് ഡെവലപ്മെന്റ് കമ്പനി സെക്രട്ടറി ജനറലുമായ അഹമ്മദ് അൽഖതീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.