ദമ്മാം: കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ ദമ്മാമിൽ മരിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി ഫെർഷിൻ കോട്ടേജിൽ ഫാറൂഖ് (67), കോഴിക്കോട്, പെരുമണ്ണ സ്വദേശി തെക്കേപ്പാടത്ത് അബ്ദുൽ ഖാദർ എന്നിവരാണ് മരിച്ചത്.
42 വർഷമായി സൗദിയിൽ പ്രവാസിയായ ഫാറൂഖ് മുനിസിപ്പാലിറ്റിക്ക് കീഴിൽ കൺസ്ട്രക്ഷൻ സൂപർവൈസറായിരുന്നു. രണ്ടാഴ്ച മുമ്പ് പനിയും ഛർദ്ദിയും പിടിപെട്ടതിനെ തുടർന്ന് ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ച ഫാറൂഖിന് പിന്നീടുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലായിരിക്കേ കഴിഞ്ഞ ദിവസം മരിച്ചു. സാജിദ ഫാറൂഖാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഫെർഷിൻ, ഫാത്വിമ ഷഹ്നാസ്. മരുമകൻ അബ്ദുൾ ഫത്താഹ് സൗദിയിലുണ്ട്.
കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച അബ്ദുൽ ഖാദറിന് കോവിഡ് രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. എന്നാൽ മരണത്തിന് ശേഷമാണ് കോവിഡ് പോസിറ്റീവാണെന്ന പരിശോധനാ ഫലം പുറത്തുവന്നത്. നാല് ദിവസംമുമ്പ് സ്വകാര്യ മെഡിക്കൽ സെൻററിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
15 വർഷമായി അൽഖോബാറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: അജാസ്, റാഷിദ്, ജസ്ന മുബഷിറ. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഇരു മൃതദേഹങ്ങളും വെള്ളിയാഴ്ച ദമ്മാമിൽ ഖബറടക്കി. സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് ഇതിനുവേണ്ടിയുള്ള നടപടികൾ പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.