കൊല്ലപ്പെട്ട മുഹമ്മദലി

ജുബൈലിൽ മലയാളി കൊല്ലപ്പെട്ട കേസ്​; പ്രതിയുടെ മൊഴിയിൽ നിർണായക വെളിപ്പെടുത്തൽ

ജുബൈൽ: മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) താമസസ്ഥലത്ത്​ കുത്തേറ്റ്​ മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. ഹണി ട്രാപ്പിൽപ്പെട്ടതി​െൻറ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മുഹമ്മദലിക്ക്​ അബദ്ധവശാൽ കുത്തേൽക്കുകയായിരുന്നു എന്നാണ്​ പ്രതി ചെന്നൈ സ്വദേശി മഹേഷ്​ (45) പൊലീസിനോ​ട്​ വെളിപ്പെടുത്തിയിരിക്കുന്നത്​.​ ജെംസ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബർ ക്യാമ്പിൽ സഹതാമസക്കാരായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ട പ്രതിയെ പൊലീസ്​ ജുബൈൽ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില ഭേദപ്പെട്ടതോടെ ചൊവ്വാഴ്​ച അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മൊഴിയെടുക്കുകയായിരുന്നു.

ടിക്-ടോക് വഴി പരിചയപ്പെട്ട ‘ആയിഷ’ എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവർ തന്നിൽനിന്നും പണം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്​ മനോവിഷമത്തിന് ഇടയാക്കിയെന്നുമാണ്​ മഹേഷി​െൻറ മൊഴി. സ്വയം കുത്തി മരിക്കാൻ ശ്രമിക്കുന്നത് കണ്ട മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു എന്നാണ്​​ ഇയാൾ പറയുന്നത്​.

മുഹമ്മദലിയെ കുത്തിയ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം നൽകിയ മൊഴി. അതിൽനിന്നും വ്യത്യസ്തമായ വെളിപ്പെടുത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തത കൈവരൂ. കഴിഞ്ഞ ആറുമാസമായി ആയിഷയുമായി ബന്ധമുണ്ടെന്ന്​ ഇയാൾ പറയുന്നു. 30,000 രൂപ അവർ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. ഇപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ട് നിരന്തരം പിന്തുടരുന്നു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു.

നാട്ടിൽ പോകാൻ പോലും അനുവദിക്കാതെ സമ്മർദത്തിലാക്കുന്നു. ഇതി​െൻറ മനോവിഷമത്തിൽ രക്തസമ്മർദം ഉയരുകയും ചികിത്സ തേടുകയും ചെയ്തു. ആശുപത്രിയിൽനിന്നും തന്ന മരുന്ന് കഴിച്ചതിൽ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ല. ഞായറാഴ്ച്ച ഉച്ചക്ക് മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താൻ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ശുചിമുറിയിൽനിന്നും പുറത്തിറങ്ങിയ മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിന്നീട് എന്താണുണ്ടായതെന്ന് തനിക്ക് ഓർമയില്ലെന്നുമാണ്​ മഹേഷ് പൊലീസിനേട്​ പറഞ്ഞത്​.

മഹേഷി​െൻറ അടിവയറിലും നെഞ്ചിലും കഴുത്തിലുമുൾപ്പടെ അഞ്ചിടത്ത് കുത്തേറ്റ പാടുകളുണ്ട്. കുത്താൻ ഉപയോഗിച്ച കത്തി കട്ടിലിനടിയിൽനിന്നും പൊലീസ് കണ്ടെടുത്തു. മുഹമ്മദലി മരിച്ച കാര്യം അറിയുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടിയെന്ന് പരിഭാഷകരായി പോയ അബ്​ദുൽ കരീം കാസിമി, സലിം ആലപ്പുഴ എന്നിവർ പറഞ്ഞു.

മുഹമ്മദലിയുടെ മൃതദേഹം ജുബൈലിൽ ഖബറടക്കുന്നതിന് നാട്ടിൽനിന്നും കുടുംബത്തി​െൻറ അനുമതി പത്രം സന്നദ്ധ പ്രവർത്തകൻ ഉസ്മാൻ ഒട്ടുമ്മലി​െൻറ പേരിൽ ലഭിച്ചിട്ടുണ്ട്. പോസ്​​റ്റുമോർട്ടം നടപടികൾ പൂർത്തിയായാലുടൻ എംബസിയുമായി ബന്ധപ്പെട്ട് ഖബറടക്കത്തിനുള്ള ഒരുക്കം തുടങ്ങും.

Tags:    
News Summary - Malayali killed case in Jubail; Crucial disclosure in the defendant's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.