വിനീഷ് (മധ്യത്തിൽ) സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ, സുഹൃത്ത് ഷാജി എന്നിവരോടൊപ്പം
റിയാദ്: തന്‍റെ പേരിലുള്ള സിം കാർഡ് അജ്ഞാതർ ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് ഇടപാട് നടത്തിയതിനെ തുടർന്ന് സൗദിയിൽ ജയിലിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി വിനീഷ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി.
2024 ജനുവരിയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് താൻ ഒരു വലിയ ക്രിമിനൽ കേസിൽ പ്രതിയാണെന്ന വിവരം വിനീഷ് അറിയുന്നത്. ലൈസൻസ് നടപടികൾ പൂർത്തിയാകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വിനീഷിന്‍റെ പേരിൽ റിയാദിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസ് നിലവിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
സിം കാർഡ് കമ്പനി പ്രതിനിധിയോടൊപ്പം ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരായ വിനീഷിനെ വൈകാതെ നാർക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. വിനീഷിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് വഴി വലിയ അളവിൽ കൊക്കെയ്ൻ കടത്തിയെന്നതായിരുന്നു കേസ്. ഈ കുറ്റത്തിന് വധശിക്ഷയാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തപ്പോൾ, കഴിഞ്ഞ രണ്ട് വർഷമായി താൻ റിയാദിൽ പോയിട്ടില്ലെന്നും ഇങ്ങനെയൊരു സിം കാർഡ് എടുത്തിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കിയെങ്കിലും വിരലടയാളം സഹിതം രജിസ്റ്റർ ചെയ്ത സിം ആയതിനാൽ അധികൃതർ അത് വിശ്വസിച്ചില്ല. തുടർന്ന് വിനീഷിനെ 15 ദിവസം ഡിറ്റൻഷൻ സെൻററിലും പിന്നീട് റിയാദ് ജയിലിലും പാർപ്പിച്ചു.
രണ്ട് വർഷം മുമ്പ് ദമ്മാമിലെ ഒരു സൂപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റിൽ നിന്ന് സിം കാർഡ് വാങ്ങിയപ്പോൾ, ജീവനക്കാരൻ ആദ്യത്തെ വിരലടയാളം ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാമതും വിരലടയാളം എടുപ്പിച്ചിരുന്നു.
അന്ന് തന്‍റെ ഇഖാമ നമ്പറിൽ താൻ അറിയാതെ മറ്റൊരു സിം കൂടി രജിസ്റ്റർ ചെയ്യപ്പെട്ടതായി വിനീഷ് മനസ്സിലാക്കി. അത് റദ്ദാക്കാൻ മൊബൈൽ കമ്പനിയെ സമീപിച്ചെങ്കിലും സാധിക്കാത്തതിനാൽ പിന്നീട് അത് കാര്യമാക്കിയില്ല. ഈ സിം കാർഡാണ് പിന്നീട് വിനീഷിനെ കുരുക്കിലാക്കിയത്.
ജയിലിലായി ഏഴ് മാസത്തിന് ശേഷം വിനീഷിന്‍റെ സുഹൃത്ത് ഷാജി വഴി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ വിഷയത്തിൽ ഇടപെട്ടു. കുടുംബത്തിന്‍റെ ആവശ്യപ്രകാരം ഇന്ത്യൻ എംബസിയുടെ അനുമതി പത്രത്തോടെ സിദ്ദീഖ് കേസ് ഏറ്റെടുത്തു. സൗദി അഭിഭാഷകയെ ചുമതലപ്പെടുത്തി ഒന്നര വർഷത്തോളം നീണ്ട നിയമപോരാട്ടമാണ് പിന്നീട് നടന്നത്. ഫോൺ സംഭാഷണങ്ങൾ ശാസ്ത്രീയമായി പരിശോധിക്കണമെന്നും സാക്ഷികളെ വിസ്തരിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
തുടർന്ന് നടന്ന അന്വേഷണത്തിൽ വിനീഷിന്‍റെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചത് രണ്ട് സുഡാനി പൗരന്മാരാണെന്ന് തെളിഞ്ഞു. ഇവർ നിലവിൽ ജയിലിലാണ്. ഈ കണ്ടെത്തലുകൾ വിനീഷിന് അനുകൂലമാവുകയും ക്രിമിനൽ കോടതി വിനീഷിനെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ജയിൽ മോചിതനായ ശേഷമാണ് തന്‍റെ കേസിൽ വധശിക്ഷയായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതെന്ന വിവരം വിനീഷും കുടുംബവും അറിയുന്നത്. വിനീഷിന്‍റെ മാനസികാവസ്ഥ പരിഗണിച്ചാണ് ഈ വിവരം നേരത്തെ അറിയിക്കാതിരുന്നതെന്ന് സിദ്ദീഖ് തുവ്വൂർ പറഞ്ഞു. മോചനത്തിനായി കൂടെനിന്ന സിദ്ദീഖ് തുവ്വൂർ, യൂസുഫ് പെരിന്തൽമണ്ണ, സുഹൃത്ത് ഷാജി, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരോട് കുടുംബം നന്ദി അറിയിച്ചു. നിലവിൽ വിനീഷ് സൗദിയിൽ ജോലിയിൽ തുടരുന്നുണ്ട്.
സൗദി കമ്യൂണിക്കേഷൻസ് സ്പേഷ് ആൻഡ് ടെക്നോളജി കമീഷന്‍റെ (സി.ഐ.ടി.സി) https://mutasilind.cst.gov.sa/Arqami/Inquiry എന്ന ഓൺലൈൻ ലിങ്ക് വഴി സ്വന്തം പേരിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് കൃത്യമായി പരിശോധിക്കണമെന്നും, ഉപയോഗിക്കാത്ത സിം ഉണ്ടെങ്കിൽ ഉടൻ റദ്ദാക്കണമെന്നും സിദ്ദീഖ് തുവ്വൂർ പ്രവാസികളെ ഓർമിപ്പിച്ചു. വിരലടയാളം നൽകി സിം എടുക്കുമ്പോൾ ഔദ്യോഗിക ഓഫിസുകളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.