റിയാദ്: മലസ് ജയിലിൽ പ്രതികളെ പാർപ്പിച്ചിരിക്കുന്ന വാർഡിന് തീപിടിച്ച് മൂന്ന് മരണം. അന്തേവാസികളായ 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരും പരിക്കേറ്റവരും സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. റിയാദ് നഗരത്തിെൻറ സെൻട്രൽ ഡിസ്ട്രിക്റ്റായ മലസിലെ ജയിലിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തീപിടിത്തമുണ്ടായ ഉടൻ ജയിൽ അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയും തടവുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും പരിക്കേറ്റവരെ അടിയന്തര ശുശ്രൂഷകൾ നൽകി ശുമൈസിയിലെ കിങ് സഉൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സമീപത്തെ മറ്റു വാർഡുകളിലേക്കും കെട്ടിടങ്ങളിലേക്കും പടർന്നുപിടിക്കുന്നതിന് മുമ്പ് സിവിൽ ഡിഫൻസിെൻറ അഗ്നിശമന സേനാ യൂനിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
തീപിടിത്തത്തിെൻറ ഉറവിടം വ്യക്തമല്ല. കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ജയിൽ വകുപ്പ് വക്താവ് മേജർ ജനറൽ അയ്യൂബ് ബിൻ ഹിജാബ് ബിൻ നഖീത്ത് അറിയിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇന്ത്യാക്കാരടക്കം മിക്ക രാജ്യങ്ങളിൽ നിന്നുള്ളവരും സ്വദേശി പൗരന്മാരും ആയിട്ടുള്ള കേസ് പ്രതികളെ പാർപ്പിക്കുന്ന പ്രധാനപ്പെട്ട ജയിലുകളിലൊന്നാണ് മലസിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.