റിയാദ്: റമദാൻ മാസത്തിെൻറ ചൈതന്യം കുട്ടികളിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ‘ബുക്‌റ റമദാൻ ട്രാക്കർ’ എന്ന പേരിൽ മലർവാടി പ്രവൃത്തി പുസ്തകം (വർക്ക് ബുക്ക്) പുറത്തിറക്കി. റിയാദിലെ അഞ്ഞൂറിലധികം കുടുംബങ്ങളിൽ ഈ പുസ്തകം വിതരണം ചെയ്യുമെന്ന് മലർവാടി ഭാരവാഹികൾ അറിയിച്ചു. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് 22 പേജുകളുള്ള ഈ മനോഹരമായ പ്രൊജക്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
കുരുന്നുകളിൽ കൗതുകമുണർത്തുന്ന വിധത്തിൽ മൾട്ടി കളറിലാണ് ഇതിെൻറ രൂപകൽപ്പന. ആകർഷകമായ കഥകൾ, അറിവ് പകരുന്ന കളികൾ, ട്രഷർ ഹണ്ട്, പ്രാർത്ഥനകൾ, കുരുന്നുകളുടെ റമദാൻ വിശേഷങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉള്ളടക്കമാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളിൽ ഭക്തി, സഹാനുഭൂതി, ജ്ഞാനം എന്നിവ വളർത്തുന്നതിനും അവ പ്രായോഗികമായി ജീവിതത്തിൽ പകർത്തുന്നതിനും ഇതിലെ ദൈനംദിന പരിപാടികൾ സഹായിക്കും. ‘നാളെ’ എന്നർത്ഥം വരുന്ന ‘ബുക്‌റ’ എന്ന പേര് വരാനിരിക്കുന്ന നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.
മലർവാടിയുടെ കീഴിലുള്ള റിസർച്ച് ടീമാണ് ഈ പദ്ധതിയുടെ ആശയവും രൂപകൽപ്പനയും നിർവഹിച്ചിരിക്കുന്നത്. റമദാൻ ഒന്ന് മുതൽ പെരുന്നാൾ ദിവസം വരെയാണ് പ്രൊജക്റ്റിെൻറ കാലാവധി. കുട്ടികൾ തങ്ങൾ ചെയ്ത ആക്ടിവിറ്റികൾ പുസ്തകത്തിൽ രേഖപ്പെടുത്തി മാർച്ച് 31-നകം അതത് സോണൽ കോഓഡിനേറ്റർമാർക്ക് സമർപ്പിക്കണമെന്ന് മലർവാടി സെൻട്രൽ പ്രൊവിൻസ് കോഓഡിനേറ്റർ അറിയിച്ചു. സോണൽ തലത്തിൽ മൂല്യനിർണയം നടത്തി വിജയികൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതാണ്.
പ്രവാസി ബാല്യങ്ങൾക്കായി നിരവധി വൈജ്ഞാനിക പരിപാടികൾ സംഘടിപ്പിക്കുന്ന മലർവാടിയുടെ ഈ റമദാൻ പ്രൊജക്റ്റിനെ ഏറെ കൗതുകത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും കാത്തിരിക്കുന്നത്. ഈ പദ്ധതിയിൽ പങ്കുചേരാൻ താല്പര്യമുള്ളവർക്ക് മലർവാടി മെൻറർമാരുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.