സൗദി ലുലു ഹൈപർമാർക്കറ്റുകളിലെ ‘കിങ്ഡം ഓഫ് മാംഗോസ്’ മേള ജിദ്ദ അമീർ ഫവാസ് ലുലു ഹൈപ്പർമാർക്കറ്റിൽ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ജനറൽ ഡയറക്ടർ എൻജി. വലീദ് ഇബ്രാഹിം അൽ ദാഗിസ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: സൗദി അറേബ്യയുടെ കാർഷിക സമൃദ്ധിയും തനിമയും വിളിച്ചോതി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘കിങ്ഡം ഓഫ് മാംഗോസ്’ ഫെസ്റ്റിന് തുടക്കമായി. പ്രാദേശിക കർഷകർ വിളയിച്ചെടുത്ത മികച്ചയിനം മാമ്പഴങ്ങൾ വിപണനം ചെയ്യുന്ന ഈ മേള ഏപ്രിൽ 29 മുതൽ മെയ് അഞ്ച് വരെ രാജ്യത്തുടനീളമുള്ള ലുലു ഔട്ട്‌ലെറ്റുകളിൽ നടക്കും.
സൗദിയിലെ പ്രധാന നഗരങ്ങളിൽ നടന്ന ചടങ്ങുകളോടെയാണ് ഫെസ്റ്റിന് ഔദ്യോഗിക തുടക്കമായത്. ജിദ്ദ അമീർ ഫവാസ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ മക്ക മേഖലയിലെ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ജനറൽ ഡയറക്ടർ എൻജി. വലീദ് ഇബ്രാഹിം അൽ ദാഗിസ് ഉദ്ഘാടനം നിർവഹിച്ചു. ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ദമ്മാം സെയ്ഹത് ലുലുവിൽ ഈസ്റ്റേൺ പ്രൊവിൻസ് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ എൻജി. ഫത്തി അലി അൽ ദാവൂദ് മേള ഉദ്ഘാടനം ചെയ്തു. റിയാദിലും വിപുലമായ ഉദ്ഘാടന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
30-ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങൾ
പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച 30-ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് ഇത്തവണ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സൗദിയിലെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഈ മേള സംഘടിപ്പിക്കുന്നത്. സുഡാനി, ബലദി, ഗ്രീൻ തുടങ്ങിയ പരമ്പരാഗത ഇനങ്ങൾക്ക് പുറമെ സിൽ, ഫജേരി, ജൂലി, ബർമൽ എന്നീ രുചികരമായ ഇനങ്ങളും മേളയുടെ ആകർഷണമാണ്.
കൂടാതെ മാംഗോ പോൺസ്, അമേരിക്കി, തായ്‌ലൻഡ്, ലങ്കാര, സിന്നാര, സെലസ്റ്റേഷൻ, തൂമി തുടങ്ങിയ അപൂർവ്വ ഇനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ ഫലഭൂയിഷ്ടമായ മണ്ണിൽ വിളഞ്ഞ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ആഘോഷമാണ് ഈ മേളയെന്ന് ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അഭിപ്രായപ്പെട്ടു.
തദ്ദേശീയ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കാൻ ലുലു വേദിയൊരുക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ സ്വദേശികളും പ്രവാസികളുമടങ്ങുന്ന വലിയൊരു ജനവിഭാഗം ഫെസ്റ്റ് സന്ദർശിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.