റിയാദ്: പ്രവാസികളുടെയും ഉംറ തീർഥാടകരുടെയും സൗകര്യം പരിഗണിച്ചു കോഴിക്കോട് നിന്നും മദീനയിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കണമെന്ന് സൗദി കെ.എം.സി.സി മാറാക്കര പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. മദീനയിലും സമീപപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നിരവധി പ്രവാസികളുണ്ട്.
നിയോം സിറ്റി അടക്കമുള്ള നിരവധി വികസന പദ്ധതികൾ പുരോഗമിക്കുന്നതിനാൽ ഭാവിയിൽ മലയാളി പ്രവാസികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. ഉംറ തീർഥാടകരിൽ പലരും ആദ്യം പ്രവാചക നഗരിയിൽ പോകാൻ ആഗ്രഹിക്കുന്നവരും ഉണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇവരുടെ സൗകര്യം പരിഗണിച്ച് കോഴിക്കോട് നിന്നും മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കണമെന്ന് യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് കോഴിക്കോട് നിന്നും മുമ്പ് സർവിസ് നടത്തിയിരുന്ന സൗദി എയർലൈൻസിന് സർവിസ് പുനരാരംഭിക്കാൻ അനുമതി ഉടനെ നൽകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാപദ്ധതി വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജനുവരിയിൽ വാർഷികയോഗം ചേർന്ന് കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലക്ഷങ്ങൾ ചെലവഴിച്ചു നടത്തുന്ന യാത്ര തികച്ചും അനാവശ്യവും ധൂർത്തുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന യോഗം സയ്യിദ് ശഖീഖ് തങ്ങൾ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് നാസർ ഹാജി കല്ലൻ ചർച്ച ഉദ്ഘാടനം ചെയ്തു. ബഷീർ നെയ്യത്തൂർ, മുഹമ്മദ് ഷാഫി, ടി.എ. സമദ്, എം.കെ. നൗഷാദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
മുജീബ് റഹ്മാൻ നെയ്യത്തൂർ പ്രമേയം അവതരിപ്പിച്ചു. പി. അലവിക്കുട്ടി മുസ്ലിയാർ പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി പി.പി. മുസ്തഫ സ്വാഗതവും ട്രഷറർ നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.