തനിമ കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ‘സൗഹൃദ സദസ്സി’ൽ എഴുത്തുകാരൻ
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് സംസാരിക്കുന്നു
ദമ്മാം: സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഫാഷിസത്തിന്റെ ഇരുട്ട് കനക്കുമ്പോൾ വഴിതെളിക്കാനുള്ള ആയുധമാകേണ്ടത് അറിവും ചരിത്രബോധവുമാണെന്ന് പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. വ്യാജ നിർമിതികളിലൂടെ അപരവത്കരിച്ച്, വെറുപ്പ് പ്രചരിപ്പിച്ച്, മാനവികതയെയും സർഗാത്മകതയെയും തുറുങ്കിലടച്ച് ഫാഷിസം കടന്നുവരുമ്പോൾ സ്വതന്ത്ര ആവിഷ്കാരങ്ങൾ പോലും പരിമിതപ്പെടുന്ന ഭീതിജനകമായ സ്ഥിതിവിശേഷമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എക്കാലത്തും ഏറ്റവും മൂർച്ചയുള്ള ആയുധം വാക്കും അറിവുമാണ്. വക്രീകരിക്കപ്പെടുന്ന ചരിത്രത്തെ, സത്യം മുൻനിർത്തി അതിജീവിക്കാൻ ചരിത്രബോധമുള്ള തലമുറക്കേ സാധ്യമാവൂ. അത്തരത്തിൽ ദിശാബോധത്തോടെ ഫാഷിസത്തെ ചെറുക്കാൻ പുതുതലമുറയെ നാം വാർത്തെടുക്കണമെന്നും അതാണ് കാലം തേടുന്ന പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ വിഖ്യാതനായ ശിഹാബുദ്ദീൻ ദമ്മാമിലെ ഹ്രസ്വ സന്ദർശനത്തിനിടെ തനിമ കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച 'സൗഹൃദ സദസ്സി'ൽ സംസാരിക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഘട്ടത്തിൽ നെഹ്‌റുവിനെപ്പോലുള്ളവർ സമർഥമായി കൈകാര്യം ചെയ്‌ത ജാതിയിലധിഷ്ഠിതമായ സാമൂഹിക ഫ്യുഡൽ പൊതുബോധം സത്യത്തിൽ മയക്കിക്കിടത്തപ്പെട്ട കടുവയെപ്പോലെയായിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറം അനുകൂല സാഹചര്യത്തിൽ സടകുടഞ്ഞെഴുന്നേറ്റ്, ആ ജാതി ബോധം നമ്മെ അടക്കിഭരിച്ച് കൂടുതൽ അധമരായ സമൂഹമാക്കി പരിവർത്തിപ്പിക്കുകയാണ്.
നമ്മുടെയൊക്കെ ഉപബോധമനസ്സിലെ രാഷ്ട്രീയ-സാമൂഹിക ധാരണകളിൽ ഇത്തരത്തിൽ സ്വാർഥതയുടെ, വിവേചനത്തിന്റെ അംശങ്ങൾ അടങ്ങിയതാണോയെന്ന ആത്മപരിശോധന നല്ലതാണ്. മികച്ച സമൂഹ സൃഷ്‌ടിക്കായി മതങ്ങൾ മുന്നോട്ടുവെക്കുന്ന അധ്യാപനങ്ങൾ അതത് മത വിശ്വാസികൾ പാലിക്കുന്നുണ്ടോയെന്നത് പരിശോധിക്കണമെന്നും ഉരകല്ലാവേണ്ടത് നമ്മളാണെന്നും അദ്ദേഹം പറഞ്ഞു.തനിമ ദമ്മാം സോൺ പ്രസിഡന്റ് മുഹമ്മദ് അലി പീറ്റയിൽ ആമുഖ പ്രഭാഷണം നടത്തി. കേന്ദ്ര പ്രസിഡന്റ് കെ.എം. ബഷീർ സമാപന പ്രസംഗം നിർവഹിച്ചു. മുഹമ്മദ് സിനാൻ, മുഹമ്മദ് കോയ, അംജദ്, ഷബീർ ചാത്തമംഗലം, റഊഫ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.