മക്ക: മസ്ജിദുൽ ഹറാമിൽ എത്തുന്ന തീർഥാടകർക്ക് മത്വാഫിലെയും (ത്വവാഫ് ചെയ്യുന്ന സ്ഥലം) മസ്ആയിലെയും (സഅ്യ് ചെയ്യുന്ന സ്ഥലം) ജനത്തിരക്ക് തത്സമയം മനസ്സിലാക്കുന്നതിനായി ഇരുഹറം കാര്യാലയം പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. തിരക്ക് കുറഞ്ഞ സമയവും വഴികളും തിരഞ്ഞെടുത്ത് തീർഥാടകർക്ക് തങ്ങളുടെ ആരാധനാകർമങ്ങൾ സുഗമമായും എളുപ്പത്തിലും പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് ഈ സംവിധാനം.
ഇരുഹറം കാര്യാലയത്തിെൻറ ഔദ്യോഗിക വെബ്സൈറ്റിലെ ലിങ്ക് വഴിയോ, ഇതിനായി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ക്യു.ആർ കോഡ് സ്കാൻ ചെയ്തോ തീർഥാടകർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. നിലവിലെ തിരക്കിെൻറ കൃത്യമായ അവസ്ഥ മുൻകൂട്ടി മനസ്സിലാക്കി, ത്വവാഫിനും സഅ്യിനുമായി പുറപ്പെടേണ്ട അനുയോജ്യമായ സമയം തീരുമാനിക്കാൻ ഇത് തീർഥാടകരെ സഹായിക്കും. മസ്ജിദുൽ ഹറാമിനുള്ളിലെ യാത്രകൾ സുഗമമാക്കാനും തീർഥാടന അനുഭവം കൂടുതൽ മികച്ചതാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വളരെ ലളിതവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായ ഒരു വിഷ്വൽ ഇൻറർഫേസ് വഴിയാണ് വെബ്സൈറ്റിൽ തിരക്കിെൻറ വിവരങ്ങൾ ദൃശ്യവൽകരിച്ചിരിക്കുന്നത്. ഇരുഹറമുകളിലെയും ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും, തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം നിരന്തരം മെച്ചപ്പെടുത്തുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നടപടി. ആരാധനാകർമങ്ങൾ നിർവഹിക്കുമ്പോൾ പരമാവധി സുരക്ഷിതത്വവും ക്രമീകരണവും ഉറപ്പാക്കുന്നതിനായി, മസ്ജിദുൽ ഹറാമിൽ എത്തുന്ന എല്ലാ തീർഥാടകരും ഈ ഡിജിറ്റൽ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും ഇരുഹറം കാര്യാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.