വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹജ്ജി​െൻറ ഒരുക്കത്തി​െൻറ ഭാഗമായി കഅ്ബയുടെ കിസ്‌വ ഉയർത്തിക്കെട്ടിയപ്പോൾ

ഹജ്ജ് ഒരുക്കം: കിസ്‌വ ഉയർത്തിക്കെട്ടി; കഅ്ബയുടെ വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയായി

മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിൽ വിശുദ്ധ മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കഅ്ബയെ പുതപ്പിച്ചിരിക്കുന്ന കിസ്‌വയുടെ താഴ്ഭാഗം ഉയർത്തിക്കെട്ടി. ഇരുഹറം പരിപാലന അതോറിറ്റിയുടെ മേൽനോട്ടത്തിൽ 34 കരകൗശല വിദഗ്ധർ ചേർന്നാണ് ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് പ്രവൃത്തികൾ പൂർത്തിയാക്കിയത്.

കിസ്‌വയുടെ താഴത്തെ ഭാഗം മൂന്ന് മീറ്ററോളം ഉയർത്തിയാണ് നിലവിൽ ഉറപ്പിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി അതീവ കൃത്യതയോടെയാണ് ഈ ദൗത്യം നിർവഹിച്ചത്. കിസ്‌വയുടെ താഴ്ഭാഗങ്ങൾ അഴിച്ചുമാറ്റി കോണുകൾ വേർതിരിക്കുകയും തുടർന്ന് നിശ്ചിത ഉയരത്തിൽ ഉറപ്പിച്ച ശേഷം വെളുത്ത പരുത്തി തുണി ഉപയോഗിച്ച് അത് മൂടുകയുമാണ് ചെയ്തത്. ഹജ്ജ് വേളയിൽ മത്വാഫിലുണ്ടാകുന്ന വൻ തിരക്കിനിടയിൽ തീർഥാടകരുടെ സ്പർശനം മൂലമോ മറ്റോ കിസ്‌വയ്ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനാണ് വർഷം തോറും ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.

 

ഇതോടൊപ്പം തന്നെ ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി കഅ്ബയിൽ നടത്തിവന്ന വാർഷിക അറ്റകുറ്റപ്പണികളും വിജയകരമായി പൂർത്തിയായി. കഅ്ബ, ഹിജ്ർ ഇസ്മാഈൽ എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികളാണ് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇരുഹറം പരിപാലന അതോറിറ്റി പൂർത്തിയാക്കിയത്.

അന്താരാഷ്ട്ര എൻജിനീയറിങ് - സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി നടന്ന പ്രവൃത്തികളിൽ കഅ്ബയുടെ ഉൾഭാഗം, മേൽക്കൂര, പുറം ചുറ്റളവ് എന്നിവടങ്ങളിലെ ആന്തരിക ഘടകങ്ങളുടെ സമഗ്രമായ പരിശോധനകൾ ഉൾപ്പെടുന്നു. കഅ്ബയുടെ വശങ്ങളിലെ മാർബിൾ ജോയിന്റുകളിലെ വിടവുകൾ നികത്തുകയും കേടുപാടുകൾ സംഭവിച്ച സിലിക്കൺ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു. കൂടാതെ കഅ്ബയുടെ വാതിലിന്റെ വശം ഉൾപ്പെടെ ചുറ്റുമുള്ള മാർബിൾ തറകൾ പോളിഷ് ചെയ്ത് മിനുക്കുന്ന ജോലികളും പൂർത്തീകരിച്ചു.

 

മത്വാഫ് മേഖലയിൽ തീർഥാടകരുടെ സുഗമമായ ഒഴുക്കിന് തടസ്സം സൃഷ്ടിക്കാത്ത വിധത്തിലാണ് പദ്ധതി നടപ്പാക്കിയത്. സ്വദേശികളായ വിദഗ്ധരുടെ മേൽനോട്ടത്തിൽ അത്യാധുനിക സാങ്കേതിക വിദ്യകളും വസ്തുക്കളും ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതെന്നും ഹജ്ജ് സീസണിൽ ദൈവഭവനത്തിന് അനുയോജ്യമായ പരിചരണവും സുരക്ഷയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Hajj preparations: Kiswa raised; Annual maintenance of the Kaaba completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.